ആലപ്പുഴ : കോടതിപ്പാലത്തിന്റെ പടിഞ്ഞാറുവശം വടക്കേ കനാൽക്കരയിൽ സ്ഥാപിച്ചിട്ടുള്ള മത്സ്യകന്യകയുടെ ശില്പം മുസിരിസ് ഓഫീസിന് സമീപത്തേക്ക് മാറ്രും. കോടതിപ്പാലം നവീകരണവുമായി ബന്ധപ്പെട്ടാണിത്. ശില്പം സ്ഥാപിച്ചിരിക്കുന്ന ഭാഗത്താണ് പാലത്തിന്റെ പില്ലറുകളിലൊന്ന് നിർമ്മിക്കേണ്ടത്. തിരുവനന്തപുരം സ്വദേശിയായ ശില്പി വിജയകുമാർ ജി.കുമാരപുരം 1996ലാണ് ടൂറിസം വകുപ്പിനുവേണ്ടി കൊമേഴ്‌സ്യൽ കനാൽ തീരത്ത് ശില്പം നിർമ്മിച്ചത്. 50 ലക്ഷത്തോളം രൂപയായിരുന്നു ചിലവ്.
സംസ്ഥാന സ്കൂൾ ശാസ്ത്രമേള കഴിഞ്ഞാലുടൻ കോടതിപ്പാലം നവീകരണവുമായി ബന്ധപ്പെട്ട് കൊമേഴ്സ്യൽ കനാലിന്റെ വടക്കേക്കരയിൽ പൈലിംഗ് ജോലികളും ഗതാഗത നിയന്ത്രണവും ആരംഭിക്കും. കോടതിപ്പാലത്തിന് കിഴക്കുവശത്തെ വ്യാപാരികൾ നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ കേസ് 18ലേക്ക് മാറ്റി. കേസിൽ കോടതി തീരുമാനത്തിന് വിധേയമായിട്ടാകും പാലത്തിന്റെ കിഴക്കുവശത്തെ നിർമ്മാണം ആരംഭിക്കുക. ബോട്ട് ജെട്ടിയ്ക്കായി മാതാജെട്ടിക്ക് സമീപം നിർമ്മിക്കുന്ന താൽക്കാലിക ജെട്ടിയുടെ നിർമ്മാണം മേൽക്കൂരവരെ എത്തിയിട്ടുണ്ട്.
തകരാതെ ഇളക്കിയെടുക്കാമോ എന്നതിൽ ആശങ്ക
1. ശില്പം മാറ്റികൊടുക്കണമെന്ന് ആവശ്യം ഉയർന്നപ്പോൾ മുസിരിസ് പ്രോജക്ട് വിഭാഗം അതിനായി ടെൻഡർ ക്ഷണിച്ചിരുന്നു
2. ടെൻഡറിൽ പങ്കെടുത്തവർ 15ലക്ഷത്തിലധികം രൂപ ക്വാട്ട് ചെയ്തതോടെ മുസിരിസ് ഓഫീസ് അതിൽ നിന്ന് പിൻവാങ്ങി
3. തകരാതെ ഇളക്കിയെടുത്ത് സംരക്ഷിക്കാൻ കഴിയുമോയെന്നതിൽ ഉറപ്പില്ലാതെ ഇത്രയും ചെലവഴിക്കണോയെന്നായിരുന്നു ആശങ്ക
4. പാലം നവീകരണത്തിന്റെ കരാർ ഏറ്റെടുത്ത കമ്പനിയുടെ സഹായത്തോടെ പ്രതിമ മാറ്റി സ്ഥാപിക്കാനാണ് ഇപ്പോൾ ശ്രമം
5. പ്രതിമ സ്ഥാപിച്ച ഭാഗത്തെ മണ്ണ് നീക്കി അടിയിൽനിന്ന് പ്രതിമ ഇളക്കി ക്രെയിന്റെ സഹായത്തോടെ മാറ്റാനാണ് ധാരണ
കേസ് 18ന് കോടതി വീണ്ടും പരിഗണിക്കും. ശാസ്ത്രമേളയ്ക്ക് പിന്നാലെ 19ന് ഗതാഗത നിയന്ത്രണവും വടക്കേക്കരയിലെ പൈലിംഗ് ജോലികളും ആരംഭിക്കും
- കെ.ആർ.എഫ്.ബി , ആലപ്പുഴ