
കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ ഒരുകോടിയോളം രൂപ ചിലവിട്ട് നിർമ്മിച്ച ഐ.സി.യു വാർഡ് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെത്തുടർന്ന് തുറന്ന് കൊടുക്കാനാകുന്നില്ല. കേന്ദ്രസർക്കാർ അനുവദിച്ച കൊവിഡ് ഫണ്ട് വിനിയോഗിച്ച് വാർഡ് നിർമ്മാണം പൂർത്തീകരിച്ചിട്ട് രണ്ട് വർഷത്തോളമായി.
ഐ.സി.യു വാർഡ് പ്രവർത്തിക്കണമെങ്കിൽ മുഴുവൻ സമയം ഡോക്ടർമാരുടെയും നഴ്സുമാരുടെയും സാന്നിദ്ധ്യം ഇവിടെ ഉണ്ടാകണം. നിലവിലെ പ്രവർത്തനത്തിന് ആവശ്യമായ ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ഇവിടെയില്ല.ഒരേ സമയം അഞ്ച് രോഗികൾക്ക് ചികിത്സ നൽകാവുന്ന വിധത്തിൽ കിടക്കകൾ
പുതിയ ഐ.സി.യു. വാർഡിൽ ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് കിടക്കകളിൽ ഒരെണ്ണം കുട്ടികൾക്കായി മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു. നിലവിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യത്തിൽ ചികിത്സതേടി എത്തുന്നവരെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും അയക്കുകയാണ് ചെയ്യുന്നത്.
ഐ.സി.യു വാർഡിന്റെ കെട്ടിടം നിർമ്മിക്കാൻ 32 ലക്ഷം രൂപ ചിലവായി. ബാക്കി തുക ഉപകരണങ്ങളും കിടക്കകളും സജ്ജമാക്കുന്നതിനാണ് ചിലവാക്കിയത്. അത്യാധുനിക രീതിയിലുള്ള എല്ലാ ഉപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗം ബ്ലോക്കിൽ രണ്ടാമത്തെ നിലയിൽ പ്രസവ വാർഡിനോട് ചേർന്നാണ് ഐ.സി.യു. ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്.
ആദ്യം തടസം പറഞ്ഞത് വൈദ്യുതിയുടെ പേരിൽ
വൈദ്യുതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം മൂലമാണ് വാർഡ് തുറക്കാൻ വൈകുന്നതെന്നാണ് ആദ്യം പറഞ്ഞിരുന്നത്
എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമായി ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിട്ട് മാസങ്ങളാൾ കഴിഞ്ഞിട്ടും ഐ.സി.യു വാർഡ് തുറന്നിട്ടില്ല
ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് ഐ.സി.യു വാർഡ് തുറക്കാത്തതിന് പിന്നിലെന്ന് ആക്ഷേപമുയരുന്നുണ്ട്
ഐ.സി.യു. സംവിധാനം സജ്ജമാക്കിയാൽ പാവപ്പെട്ട നിരവധി രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ കഴിയും
ഐ.സി.യു. കെട്ടിടത്തിന് ചെലവായ തുക
32 ലക്ഷം രൂപ
സമീപ പ്രദേശങ്ങളിൽ അപകടങ്ങളിൽപ്പെടുന്നവരെയും മറ്റും ചികിത്സക്കായി ആദ്യം എത്തിക്കുന്നത് കായംകുളം താലൂക്ക് ആശുപത്രിയിലേക്കാണ്. മുറിവ് വച്ചുകെട്ടിയും മറ്റും വിലപ്പെട്ട സമയം പാഴാക്കിയശേഷം മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന രീതിയാണ് ഇവിടെ നിലവിലുള്ളത്
- നഗരവാസികൾ