
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയകൾ നിലച്ചിട്ട് മാസങ്ങളായി. നൂറിലധികം രോഗികളാണ് ശസ്ത്രക്രിയയുടെ ഊഴംകാത്ത് കഴിയുന്നത്. ഹൃദയശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന ഹാർട്ട് - ലംഗ് മെഷീൻ മൂന്ന് മാസമായി
തകരാറിലായതാണ് സി.ടി.എസ്, ബൈപ്പാസ് തുടങ്ങിയ ശസ്ത്രക്രിയകൾ മുടങ്ങാൻ കാരണം.
ജില്ലയിലെ നിർദ്ധനരായ രോഗികൾ ഹൃദയശസ്ത്രക്രിയകൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ആലപ്പുഴ മെഡിക്കൽ കോളേജിനെയാണ്. സ്വകാര്യആശുപത്രികളിൽ മൂന്ന് ലക്ഷം രൂപയോളം ചെലവു വരുന്ന സി.ടി.എസ് ശസ്ത്രക്രിയ, ഇൻഷ്വറൻസ് പരിരക്ഷയുള്ളവർക്ക് ഇവിടെ സൗജന്യമാണ്.ഏകദേശം 6 മണിക്കൂർ സമയമെടുക്കുന്ന ഈ ശസ്ത്രക്രിയ ദിവസം മൂന്നെണ്ണം വരെ ചെയ്യാനാകുമെന്നതും വലിയ ആശ്വാസമായിരുന്നു. എന്നാൽ, യന്ത്രം തകരാറിലായതോടെ ലിസ്റ്റിൽ ഉൾപ്പെട്ട രോഗികൾ അനിശ്ചിതമായ കാത്തിരിപ്പിലാണ്. അതേസമയം, പുതിയ ഹാർട്ട് - ലംഗ് മെഷിന് ഓർഡർ നൽകിയിട്ടുണ്ടെങ്കിലും യന്ത്രമെത്താൻ ഇനിയും കാലതാമസം വരുമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
ഹാർട്ട് - ലംഗ് മെഷീൻ തകരാറിൽ
1.ഹൃദയശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന ഹാർട്ട് - ലംഗ് മെഷീൻ തകരാറിലായിട്ട് 3 മാസം
2.കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് പഴക്കം ചെന്ന യന്ത്രം തകരാറാകാൻ കാരണം
3. പുതിയ യന്ത്രത്തിന് ഓർഡർ നൽകിയതായി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ
ഹാർട്ട് - ലംഗ് മെഷീന്റെ വില
40 ലക്ഷ രൂപ
ഹാർട്ട് - ലംഗ് മെഷീൻ
 മിടിക്കുന്ന ഹൃദയത്തിൽ ശസ്‌ത്രക്രിയ നടത്താൻ സഹായിക്കുന്നു
 ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകളിൽ രക്തചംക്രമണം തുടരുന്നതിന് ആവശ്യം
 ശരീരതാപനില കുറച്ചുനിർത്തി രക്തചംക്രമണമില്ലാതെ തന്നെ ജീവൻ നിലനിർത്താൻ സഹായിക്കും
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങിയത് കാരണം നിർദ്ധനരായ രോഗികൾ ഏറെ ദുരിതത്തിലാണ്. പല രോഗികളും പണം കടം വാങ്ങിയും പലിശയ്ക്കെടുത്തും സ്വകാര്യ ആശുപത്രികളിലേക്ക് പോകുകയാണ്. എത്രയും വേഗം ശസ്ത്രക്രിയകൾ പുനരാരംഭിക്കണം
- യു.എം.കബീർ, പഞ്ചായത്ത് അംഗം, അമ്പലപ്പുഴ വടക്ക്