
ചേർത്തല:സംസ്ഥാന സ്‌കൂൾ കായികമേളയിൽ കബഡി സീനിയർ പെൺകുട്ടികളുടെ സ്വർണത്തിലൂടെ ആലപ്പുഴയ്ക്ക് ചരിത്രനേട്ടം.സ്‌കൂൾ മേളയുടെ ചരിത്രത്തിലാദ്യമായാണ് കബഡിയിൽ ആലപ്പുഴ പെൺകിരീടം നേടുന്നത്.2001ൽ സീനിയർ ആൺകുട്ടികളുടെ വിജയത്തിനു ശേഷം 23 വർഷം പിന്നിടുമ്പോഴാണ് കബഡിയിൽ ജില്ലയിലേക്കു കിരീടമെത്തുന്നത്.മികച്ച പ്രകടനത്തിലൂടെ ചേർത്തല ഗേൾസ് ഹൈസ്‌കൂളിലെ ഗൗരിശങ്കരി,എസ്.അനശ്വര,ദേവനന്ദന എന്നിവർ ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരളാടീമിൽ ഇടംപിടിച്ചു.ആദ്യ റിസർവായി സ്വീറ്റി സണ്ണിയെയും തിരഞ്ഞെടുത്തു.12 അംഗ സംഘത്തിൽ ഏഴുപേരും ചേർത്തല ഗേൾസ് സ്‌കൂളിലെ താരങ്ങളായിരുന്നു.ഇവരെ കൂടാതെ ഋതു.ബി,അനുലക്ഷ്മി,ഗൗരിപാർവ്വതി എന്നിവരാണ് ചേർത്തല സ്‌കൂളിൽ നിന്ന് ഇറങ്ങിയത്.
പൂച്ചാക്കൽ ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ ഭാഗ്യശ്രീ,എൻ.എസ്.എസ്. എച്ച്.എസ്.എസ് തൃച്ചാറ്റുകുളം സ്‌കൂളിലെ ആര്യനന്ദ.എസ്.നായർ,കായംകുളം കട്ടച്ചിറ ജോൺകെന്നഡി മെമ്മോറിയൽ സ്‌കൂളിലെ ആർദ്ര ബി.വിജയൻ,ബുധനൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ എസ്.ആര്യ,റോമാപോൾ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഗൗരിശങ്കരിയായിരുന്നു ടീമിനെ നയിച്ചത്. കായികാദ്ധ്യാപകൻ പി.പ്രസാദിന്റെ നേതൃത്വത്തിൽ 2001ൽ ചാമ്പ്യന്മാരായ ജില്ലാടീമംഗങ്ങളായ എസ്.മുകേഷ്,സുജീഷ് എന്നിവരും കൃഷ്ണദാസ് റോയിയുമാണ് ടീമിനെ പരിശീലിപ്പിച്ചത്.സബിത രതീഷായിരുന്നു ടീം മാനേജർ.