അരൂർ : അരൂർ ശ്രീകുമാരവിലാസം ക്ഷേത്രത്തിലെ 25-ാമത് ഭാഗവത സപ്താഹ യജ്ഞം നാളെ ആരംഭിച്ച് 22 ന് അവഭൃഥസ്നാനത്തോടെ സമാപിക്കും. കെ.ഡി.രാമകൃഷ്ണൻ പുന്നപ്ര യജ്ഞാചാര്യനും ക്ഷേത്രം മേൽശാന്തി ബാലകൃഷ്ണൻ എമ്പ്രാന്തിരി യജ്ഞ ഹോതാവുമാണ്. നാളെ വൈകിട്ട് 5 ന് അരൂർ പാവുമ്പായിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് യജ്ഞവേദിയിലേക്ക് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ശ്രീകൃഷ്ണ വിഗ്രഹ ഘോഷയാത്ര ആരംഭിക്കും.7 ന് യജ്ഞ മണ്ഡപത്തിൽ ഭാഗവതാചാര്യൻ പുല്ലയിൽ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തും. യജ്ഞ ദിനങ്ങളിൽ ഭാഗവത പാരായണം, പ്രസാദ ഊട്ട്, ഭജന, പ്രഭാഷണം തുടങ്ങിയവ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് കെ.കെ.വാസവൻ, സെക്രട്ടറി കെ.ആർ.രാജേന്ദ്രൻ, ട്രഷറർ കെ.എൻ.ദേവാനന്ദൻ, എ.കെ.ഡി.എസ് ശാഖാ ഭാരവാഹികളായ കെ. പ്രവീൺകുമാർ,കെ.എൻ.ഗിരീശൻ, സി.വി.സുരേഷ്, കെ.എസ്.ദിനേശൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.