പേട്ടതുള്ളൽ ജനുവരി 11ന്
അമ്പപ്പുഴ: മണ്ഡലകാലത്തെ വരവേൽക്കാൻ അയ്യപ്പന്റെ മാതൃദേശമെന്നറിയപ്പെടുന്ന അമ്പലപ്പുഴ ഒരുങ്ങി. അമ്പലപ്പുഴ യോഗം പേട്ട സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രധാന പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണ പിള്ള, പ്രസിഡന്റ് ആർ.ഗോപകുമാർ, കെ.ചന്ദ്രകുമാർ, ബിജു സാരംഗി ,രഥഘോഷയാത്രാ കമ്മിറ്റി കൺവീനർ മധു.ആർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വൃശ്ചികം ഒന്നായ ശനിയാഴ്ച രാവിലെ ഭക്തർ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തി മുദ്രമാല ധരിക്കും. ഉച്ചയ്ക്കും വൈകിട്ടും അന്നദാനം, ശബരിമല തീർത്ഥാടകർക്ക് വിവരങ്ങൾ നല്കുന്നതിനായി സേവന കേന്ദ്രത്തിന്റെ പ്രവർത്തനം എന്നിവ ശനിയാഴ്ച ആരംഭിക്കും. ആഴിപൂജയ്ക്ക് 23 ന് തുടക്കമാകും. ജനുവരി 5ന് കെട്ടുനിറച്ച് 6ന് യാത്ര ആരംഭിക്കും. 9ന് മണിമല ആഴിപൂജ, 11ന് എരുമേലി പേട്ടതുള്ളൽ, 13ന് പമ്പസദ്യ, 14 ന് നെയ്യഭിഷേകം, മകരവിളക്ക് ദർശനം, മഹാനിവേദ്യം 15ന് ശീവേലി എഴുന്നള്ളത്ത് എന്നീ ചടങ്ങുകൾ പൂർത്തിയാക്കി 16ന് സംഘം മടങ്ങിയെത്തും. സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 8ന് ക്ഷേത്രം മേൽശാന്തി യദുകൃഷ്ണൻ നമ്പൂതിരിയും അന്നദാനത്തിന്റെ ഉദ്ഘാടനം ഉച്ചക്ക് 12ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ജയലക്ഷ്മിയും നിർവഹിക്കും.
സമുഹപ്പെരിയോൻ. എൻ. ഗോപാലകൃഷ്ണപിള്ള ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. കരപ്പെരിയോൻമാരായ പി.സദാശിവൻ പിള്ള, കെ.ചന്തു, പി.ഉണ്ണികൃഷ്ണൻ, പി.ശോഭനൻ, ആർ.മണിയൻ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക.
ആഴിപൂജകൾക്ക് 23ന് തുടക്കം
ഈ മണ്ഡലകാലത്തെ ആദ്യ ആഴി പുജ മുഹമ്മ ചീരപ്പൻ ചിറ കളരിയിൽ നടക്കും
18 ആഴിപൂജകളാണ് ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്
ദേവസ്വത്തിൽ നിന്ന് രസീത് വാങ്ങുന്നവർക്ക് കെട്ടു നിറയ്ക്കാനുള്ള സൗകര്യം സേവനകേന്ദ്രത്തിൽ ലഭ്യമാണ്
61ദിവസത്തെ വ്രതാനുഷ്ഠാനത്തിനും 51ദിവസത്തെ അന്നദാനത്തിനും ശേഷമാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ