ambala

അമ്പലപ്പുഴ : ബ്ലോക്ക് പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മൊബൈൽ ഫോൺ സർവീസ് പരിശീലനം ആരംഭിച്ചു. എസ്.ബി.ഐ യുടെ ദേശീയ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെ 30 ദിവസമാണ് പരിശീലനം. വർഷത്തിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ കുടുംബങ്ങളിലെ 18 നും 45 നുമിടയിൽ പ്രായമുള്ളവർക്കുൾപ്പെടെയാണ് പരിശീലനം നൽകുന്നത്. പരിശീലന കാലയളവിൽ 346 രൂപയും നിത്യേന ലഭ്യമാക്കും. എച്ച്. സലാം എം. എൽ .എ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അദ്ധ്യക്ഷയായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ എസ്.ശ്രീകുമാർ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ എം. ഷീജ, ശ്രീജാ രതീഷ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .എം. ദീപ, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ്, ദേശീയ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഡയറക്ടർ റെനി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി .എച്ച്. ഹമീദ് കുട്ടി ആശാൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ. ജയരാജ് സ്വാഗതം പറഞ്ഞു.