
ഹരിപ്പാട്: വാടക വീടിന് പണം നൽകാൻ സാഹചര്യമില്ലാതെ കഴിഞ്ഞ വൃദ്ധ ദമ്പതികളുടെ സംരക്ഷണം ഏറ്റെടുത്ത് ഗാന്ധിഭവൻ. അരൂർ ശിവാലയത്തിൽ വിശ്വനാഥൻ പിള്ള (73) ,സരോജം(61) എന്നീ ദമ്പതികളെയാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്. കെൽട്രോണിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു വിശ്വനാഥൻ . ജോലി കാലാവധി കഴിഞ്ഞപ്പോൾ ഡ്രൈവറായി പല സ്ഥലങ്ങളിലും ജോലിചെയ്തു. 9 വർഷം മുമ്പ് അരൂരിലെ സ്ഥലവും വീടും വിറ്റ് കിട്ടിയ പണവുമായി ഹരിപ്പാട് വന്ന് വാടകവീട്ടിൽ താമസിക്കുകയായിരുന്നു. കൊവിഡ് വരുന്നത് വരെ ഡ്രൈവറായി പല സ്ഥലങ്ങളിൽ ജോലി ചെയ്തു. അതിനുശേഷം പ്രായാധിക്യം കാരണം ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമായി. മക്കളില്ലാത്ത വിശ്വനാഥനും സരോജത്തിനും അയൽവാസികളുടെ സഹായമായിരുന്നു ആശ്രയം. നിലവിൽ വാടക നൽകാൻ നിവൃത്തിയില്ലാതെ വീട്ടിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥയായി. തുടർന്ന് കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി മുമ്പാകെ തങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി . ലീഗൽ സർവീസ് കമ്മിറ്റി അദാലത്തിൽ ഹരിപ്പാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ഗാന്ധിഭവൻ, സാമൂഹ്യനീതി വകുപ്പ് എന്നിവരെ പങ്കെടുപ്പിച്ച് പരിഹാരത്തിനുള്ള ശ്രമം ആരംഭിച്ചു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ദമ്പതികളുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് അറിയിച്ചു. ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പബ്ലിക് റിലേഷൻ ഓഫീസർ രാജേഷ് ഖന്ന, സി. പി.ഒ. രാകേഷ്, സ്‌നേഹവീട് ചെയർമാൻ ജി. രവീന്ദ്രൻ പിള്ള, സുന്ദരം പ്രഭാകരൻ എന്നിവരുടെ സാനിധ്യത്തിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെ നിർദേശാനുസരണം ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷെമീർ ദമ്പതികളെ ഏറ്റെടുത്തു.