ആലപ്പുഴ : കേരള സ്‌കൂൾ ശാസ്‌ത്രോത്സവവും വെക്കേഷണൽ എക്‌സ്‌പോയും നാളെ വെകിട്ട് 4ന് ആലപ്പുഴ സെന്റ് ജോസഫ് എച്ച്.എസ്.എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ സജി ചെറിയാൻ , പി. പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാവും. നഗരത്തിലെ അഞ്ച് സ്‌കൂളുകളിലായാണ് മേള സംഘടിപ്പിക്കുന്നത്.
പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേർട്ടീന്ത് സ്‌കൂളിൽ ശാസ്ത്രമേളയും, ലജ്‌നത്തുൽ മുഹമ്മദീയ ഹൈസ്‌കൂളിൽ ഗണിതശാസ്ത്രമേളയും, എസ്.ഡി.വി.ബോയ്സ്, ഗേൾസ് സ്‌കൂളുകളിൽ പ്രവൃത്തിപരിചയമേളയും നടക്കും. കൂടാതെ കരിയർ സെമിനാർ, കരിയർഎക്സിബിഷൻ, കലാപരിപാടികൾ തുടങ്ങിയവും ലിയോ തേർട്ടീന്ത് സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിൽ നടക്കും.
ഉദ്ഘാടന സമ്മേളനത്തിൽ എം.പിമാരായ കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ പി.പി ചിത്തരഞ്ജൻ, എച്ച്.സലാം, രമേശ് ചെന്നിത്തല, ദലീമ ജോജോ, യു.പ്രതിഭ, എം.എസ് അരുൺകുമാർ, തോമസ് കെ. തോമസ്, ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, നഗരസഭ അധ്യക്ഷ കെ. കെ ജയമ്മ, ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ എം.വി പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ്, നഗരസഭ വിദ്യാഭ്യാസ, കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ ആർ.വിനീത, നഗരസഭ പ്രതിപക്ഷ നേതാവ് റീഗോ രാജു എന്നിവർ സംസാരിക്കും. നാളെ രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു പതാക ഉയർത്തുന്നതോടെ മേളക്ക് തുടക്കമാകും. വിവിധ ജില്ലകളിൽ നിന്നുള്ള 5,000 ത്തോളം വിദ്യാർഥികൾ 180 ഓളം ഇനങ്ങളിലായി പങ്കെടുക്കും