ആലപ്പുഴ: പ്രഗത്ഭ നാട്ടുവൈദ്യൻ ഇട്ടി അച്യുതൻ മുതൽ മിസൈൽവനിത ടെസി തോമസ് വരെയുള്ള ജില്ലയുടെ ശാസ്ത്രപൈതൃകം വിളിച്ചോതുന്നതാകും ഇത്തവണത്തെ സംസ്ഥാന ശാസ്ത്രമേള. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള സമഗ്രവിവരങ്ങളടങ്ങിയ 'ഹോർത്തൂസ് മലബാറിക്കസ് ' ഗ്രന്ഥത്തിന്റെ രചനയിൽ മുഖ്യപങ്കുവഹിച്ച പ്രഗത്ഭ ഇട്ടി അച്യുതൻ ചേർത്തല കടക്കരപ്പള്ളിയിലെ കൊല്ലാട്ട് കുടംബക്കാരനായിരുന്നു. വൈദ്യരുടെ സ്മൃതി കുടീരത്തിൽ നിന്നാണ് ശാസ്ത്രമേളയുടെ പതാകജാഥ ആരംഭിക്കുന്നത്. ഹരിതവിപ്ലവത്തിന്റെ നായകനായ കൃഷിശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥന്റെ മങ്കൊമ്പിലെ വീട്ടിൽ നിന്നാണ് മേളയുടെ ദീപശിഖാ റാലിയുടെ തുടക്കം.
വൈദ്യശാസ്ത്രത്തിന് കേരളം നൽകിയ വലിയ സംഭാവനയായ ഡോ. എം.എസ്.വല്യത്താനും ആലപ്പുഴ ജില്ലക്കാരനാണ്.
ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്. സോമനാഥ് തുറവൂർ സ്വദേശിയാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭൗമശാസ്ത്രജ്ഞനായിരുന്ന ഇല്ലിപ്പറമ്പിൽ കേര ചാക്കോയാണ് ജില്ലയിലെ മറ്റൊരു ശാസ്ത്രപ്രതിഭ. കുട്ടനാട്ടിലെ പുളിങ്കുന്നിൽ ജനിച്ച അദ്ദേഹം ലണ്ടൻ ഇംപീരിയൽ കോളേജ് വിദ്യാർത്ഥിയായിരുന്നു.
14 വർഷത്തിനുശേഷം ജില്ലയിലെത്തുന്ന ശാസ്ത്രമേളയുടെ വേദികൾ പ്രമുഖ ശാസ്ത്രജ്ഞരുടെ പേരിലാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ ശാസ്ത്രമേളയുടെ ചരിത്രത്തിലാദ്യമായി ശാസ്ത്രസംവാദവും സംഘടിപ്പിച്ചിട്ടുണ്ട്. ഡോ. എസ്.സോമനാഥ്, ഡോ. ടെസി തോമസ്, ഡോ. എം.മോഹൻ, ജോയ് സെബാസ്റ്റ്യൻ, ഡോ. കാർത്തികേയൻ നായർ, ഡോ. അഭിലാഷ് എന്നിവർ സംവാദത്തിൽ പങ്കെടുക്കും.