മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 10,11,12 വാർഡുകളിലുണ്ടായ മോഷണങ്ങളും കവർച്ചാ ശ്രമങ്ങളും മുൻനിറുത്തി മോഷണ സംഘത്തെ വലയിലാക്കാൻ മണ്ണഞ്ചേരി പൊലീസും യുവാക്കൾ അടങ്ങിയ ജാഗ്രതാ സമിതികളും രാത്രികാല പരിശോധന തുടങ്ങി.
ടാഗോർ വായനശാലയിലും നൈപുണ്യ ക്ളബ്ബിലും നടന്ന ജ്യാഗ്രതാസമിതി രൂപീകരണ യോഗത്തിൽ 400 പേർ പങ്കെടുത്തു. മണ്ണഞ്ചേരി സി.ഐ പി.ടോൾസൺ, എസ്.ഐ കെ.ആർ.ബിജു എന്നിവർ യോഗത്തിൽ പങ്കെടുത്ത്.സുരക്ഷാ മുന്നൊരുക്കങ്ങളെക്കുറിച്ച് ബോധ വൽക്കരണം നടത്തി. ആദ്യ ഘട്ടമെന്ന നിലയിൽ 20 യുവാക്കൾ അടങ്ങിയ ലിസ്റ്റ് പൊലീസിന് കൈമാറി. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ഉൾപ്പെടുത്തും. ഇവരിൽ 10 പേർ വീതം രാത്രിയിൽ മണ്ണഞ്ചേരി പൊലീസുമായി ചേർന്ന് പട്രോളിംഗ് നടത്തും.സുരക്ഷയുടെ ഭാഗമായി അടുക്കള വാതിൽ ശക്തമാക്കി വയ്ക്കണമെന്നും വാതിലിനോട് ചേർന്ന് പാത്രങ്ങൾ അടുക്കിവയ്ക്കണമെന്നുമുള്ള അറിയിപ്പുകൾ വീട്ടുകാർക്ക് നൽകിയതായി പഞ്ചായത്ത് അംഗങ്ങളായ ദീപ്തി അജയകുമാറും വി.കെ.ഉല്ലാസും പറഞ്ഞു.