g

ആലപ്പുഴ: ക്ഷയരോഗ നിർമ്മാർജ്ജന ബോധവത്കരണം മുറപോലെ നടക്കുമ്പോഴും സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുന്നില്ല. രോഗബാധിതരായ പലരും തുടർചികിത്സയ്ക്ക് തയ്യാറാകാത്തതും രോഗനിർണയത്തിലുള്ള അലംഭാവവുമാണ് കാരണം. കഴിഞ്ഞവർഷത്തെ കണക്കിൽ 19,873പേർ രോഗബാധിതരാണ്.

പ്രമേഹരോഗികളിൽ ക്ഷയരോഗ സാദ്ധ്യത കൂടുതലാണെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. പ്രമേഹവും ക്ഷയവും കൂടിയാകുമ്പോൾ ചികിത്സ ദുഷ്‌കരമാകും. കൊവിഡ് കാലത്തെ സാമൂഹികാവസ്ഥ രോഗനിരക്ക് വർദ്ധിപ്പിച്ചുവെന്നും വിലയിരുത്തലുണ്ട്. അക്കാലത്ത് വേണ്ടത്ര ചികിത്സ ലഭിക്കാത്തതും എല്ലാവരും വീടിനുള്ളിൽ കഴിഞ്ഞതും രോഗപ്പകർച്ചയ്ക്ക് വേഗം കൂട്ടി. ഒരാളിൽനിന്ന് 20 പേർക്ക് വരെ രോഗം പകരാം. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും രോഗം ശക്തമാക്കും.

2025ഓടെ രാജ്യത്തെ ക്ഷയരോഗ വിമുക്തമാക്കുകയാണ് ദേശീയ ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. എന്നാൽ, കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുന്നില്ല. അതിനാൽ, മരണനിരക്ക് പൂജ്യത്തിലെത്തിക്കാനുള്ള ലക്ഷ്യത്തിന് അത് തിരിച്ചടിയാണ്.

ചികിത്സയും പരിശോധനയും

ഡോട്ട് ചികിത്സ, ടി.ബി പ്രിവന്റീവ് തെറാപ്പി

സി.ബി നാറ്റ്, ട്രൂ നാറ്റ് പരിശോധനാ രീതികൾ

പ്രമേഹ ബാധിതർക്ക് നിർബന്ധിത പരിശോധന

'നിക്ഷയ്'വെബ്‌സൈറ്റ് വഴി രോഗികളുടെ നിരീക്ഷണം

കേന്ദ്ര, സംസ്ഥാന സഹായം

1.രോഗം മാറുംവരെ വരുമാനപരിധിയില്ലാതെ കേന്ദ്ര പെൻഷൻ മാസം 500 രൂപ

2.ഒരു ലക്ഷം രൂപയ്ക്ക് താഴെ വരുമാനക്കാർക്ക് സംസ്ഥാന പെൻഷൻ 1000 രൂപ

3.വരുമാന പരിധിയില്ലാതെ ആശുപത്രികളിൽ സൗജന്യ മരുന്ന്

സംസ്ഥാനത്ത്

രോഗബാധിതർ

2020- 20,892

2021- 20,993

2022- 21,617

2023- 19,873


''ടെസ്റ്ര് നിരക്ക് കൂട്ടിയതാണ് രോഗികളുടെ എണ്ണം കൂടാൻ ഇടയാക്കിയത്. രോഗ നിവാരണത്തിന് രോഗ നിർണയസംവിധാനം കാര്യക്ഷമമാകണം

-സ്റ്റേറ്റ് ടി.ബി സെൽ