അമ്പലപ്പുഴ: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെയും മൂന്നുമാസം പ്രായമുള്ള മകന്റെയും സ്വർണമാലകൾ മോഷ്ടാവ് കവർന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് ആറാം വാർഡ് തൂക്കുകുളം കിഴക്ക് മകയിരം (തിരുവിളക്ക്) വീട്ടിൽ മനോഹരന്റെ മകൾ നീതുവിന്റെ (30) ഒന്നരപ്പവന്റെ താലിമാലയും 3മാസം പ്രായമായ ആൺകുഞ്ഞിന്റെ അരപ്പവന്റെ മാലയുമാണ് മോഷ്ടിച്ചത്.

ബുധനാഴ്ച രാത്രി 12ഓടെയായിരുന്നു മോഷണം. നല്ല മഴയും ഇടിയും മിന്നലുമുള്ള സമയത്ത് അടുക്കളയുടെ വാതിലിന്റെ മുകളിലത്തെ കുറ്റി അകത്തിയാണ് മോഷ്ടാവ് അകത്തു കടന്നത്. കുഞ്ഞ് രാത്രിയിൽ കരയുന്നതിനാൽ മുറിയിൽ ലൈറ്റ് ഇട്ടാണ് നീതു കിടന്നിരുന്നത്. എന്തോ കഴുത്തിൽ തട്ടിയതായി തോന്നിയ നീതു ചാടി എഴുന്നേറ്റപ്പോൾ പൊക്കം കുറഞ്ഞ് മെലിഞ്ഞ ഒരാൾ കറുത്ത തുണികൊണ്ട് മുഖം മറച്ച് മുന്നിൽ നിൽക്കുന്നതായി കണ്ടു. ഇയാൾ പാന്റ്സ് മുട്ടിന് മുകളിൽ മടക്കി വച്ചിരിക്കുകയായിരുന്നു. പേടിച്ച് വിറച്ചു പോയ നീതു ശബ്ദം ഉണ്ടാക്കാൻ തുടങ്ങിയപ്പോഴേക്കും കഴുത്തിൽ കിടന്ന ഒന്നര പവന്റെ മാല മോഷ്ടാവ് കൈക്കലാക്കി. അതിനു മുമ്പ് കുഞ്ഞിന്റെ കഴുത്തിലെ മാല പൊട്ടിച്ചെടുത്തിരുന്നു.

മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങളടങ്ങിയ ബാഗുമെടുത്ത് മോഷ്ടാവ് അടുക്കളവാതിൽ വഴി പുറത്തേക്ക് ഇറങ്ങി സമീപത്തെ ചെറിയ ഇടവഴിയിലൂടെ ഓടിയെന്നാണ് വീട്ടുകാർ പറയുന്നത്. ഇവിടെ അടുത്തടുത്ത് വീടുകളുണ്ടെങ്കിലും സിസി ടി.വി എങ്ങുമില്ല. പഴയനടക്കാവ് റോഡിലെ അലുമിനീയം ഫാബ്രിക്കേഷൻ കടയിലെ സി.സി ടിവി പരിശോധിച്ചപ്പോൾ കറുത്ത തുണികൊണ്ട് മുഖം മൂടിയ ഒരാളുടെ ദൃശ്യം ലഭിച്ചു. നീതുവിന്റെ ബാഗ് വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആലപ്പുഴ ഡിവൈ.എസ്.പി എം.ആർ.മധുബാബു, അമ്പലപ്പുഴ ഡി.വൈ.എസ്.പി രാജേഷ്, പുന്നപ്ര സി.ഐ സ്റ്റെപ്റ്റോ ജോൺ, എസ്.ഐ റജിരാജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.