അമ്പലപ്പുഴ : വള്ളത്തിലെ ബാറ്ററിയും എക്കോ സിസ്റ്റവും മോഷ്ടിക്കുന്നത് തടഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് ക്രൂരമർദ്ദനമേറ്റു. തിരുവനന്തപുരം സ്വദേശി ഫ്രാൻസിസ് (38), കൊല്ലം വാടി സ്വദേശി ജയിംസ് (37) എന്നിവർക്കാണ് മർദ്ദനമേറ്റത്.

ബുധനാഴ്ച രാത്രി തോട്ടപ്പള്ളി പൊഴിയിലായിരുന്നു സംഭവം. മത്സ്യബന്ധനത്തിന് പോകുന്നതിന് മുൻപ് വള്ളത്തിൽ പെട്രോളും, ആഹാരസാധനങ്ങളും വയ്ക്കാൻ ഫ്രാൻസിസും ജയിംസും എത്തിയപ്പോൾ വള്ളത്തിലെ ബാറ്ററിയും എക്കോ സിസ്റ്റവും ഒരാൾ മോഷ്ടിക്കാൻ ശ്രമിക്കുന്നത് കണ്ടു. ഇത് വള്ളത്തിൽ വച്ചിട്ടുപോകാൻ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. ഇതോടെ മടങ്ങിപ്പോയ ആൾ 20 മിനിറ്റിന് ശേഷം പത്തിലേറെ പേരുമായി എത്തി ഫ്രാൻസിസിനേയും, ജെയിംസിനേയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഫ്രാൻസിസിന്റെ ഇരുകാലുകളും, കൈയ്യും തല്ലി ഒടിച്ചു. ഇരുവരെയും നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. അക്രമിസംഘത്തിലെ 3 പേരെ നാട്ടുകാർ പിടികൂടി അമ്പലപ്പുഴ പൊലീസിന് കൈമാറി.