ആലപ്പുഴ : സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ ഒന്നാമതെത്തുന്ന ജില്ലയ്ക്കായി ആദ്യമായി ഏർപ്പെടുത്തിയ എഡ്യുക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫി മേളനഗരിയിലെത്തി. ശാസ്‌ത്രോത്സവത്തിലെ മത്സരാർത്ഥി കൂടിയായ കറ്റാനം വെട്ടിക്കോട്ട് നന്ദനത്തിൽ അഭിനന്ദു എസ് ആചാര്യയാണ് ട്രോഫി തയ്യാറാക്കിയത്.

ആലപ്പുഴയുടെ സാംസ്‌കാരിക പൈതൃകം അടയാളപ്പെടുത്തിയിട്ടുള്ളതാണ് ട്രോഫി. തേക്കിൻ തടിയും പിത്തളയും ചേർത്ത് നിർമ്മിച്ച രണ്ടടി ഉയരമുള്ള ട്രോഫിക്ക് അഞ്ചു കി.ഗ്രാം ഭാരമുണ്ട്. ആലപ്പുഴയുടെ പൈതൃകമായ ചുണ്ടൻ വള്ളവും ഹൗസ് ബോട്ടും വിളക്കുമാടവും തെങ്ങുമെല്ലാം ഇണക്കിച്ചേർത്ത ട്രോഫിയിൽ രണ്ടു കുട്ടികൾ ചേർന്ന് താങ്ങിനിർത്തിയ വളയത്തിനുള്ളിൽ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പതിച്ചിട്ടുണ്ട്. ട്രോഫി കമ്മറ്റി കൺവീനറായ മഹേഷ് എം. ചേപ്പാടാണ് ശിൽപനിർമ്മാണത്തിൽ പ്രശസ്തനായ അഭിനന്ദുവിനെ സംഘാടക സമിതിക്കു വേണ്ടി ദൗത്യം ഏൽപ്പിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കിയ ട്രോഫിക്ക് മുളക്കുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വരവേല്പ് നൽകി.