ആലപ്പുഴ : സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ വരവ് ആഘോഷമാക്കി നഗരത്തിൽ നടന്ന വിളംബരജാഥ വർണാഭമായി.സംസ്ഥാനസ്കൂൾ കായിക മേളയിൽ മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും കരസ്ഥമാക്കി ആലപ്പുഴയുടെ അഭിമാനമായി മാറിയ സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആർ.ശ്രേയ പതാകയേന്തി. മേളയുടെ ദീപശിഖക്ക് പിന്നാലെ അത് ലറ്റുകളും അണി നിരന്നു. വാദ്യമേളങ്ങളുടെയും അമ്മൻകുടത്തിന്റെയും ബാൻഡ് സെറ്റിന്റെയും അകമ്പടിയോടെ നീങ്ങിയ ജാഥയിൽ ജില്ലാ സ്പോർട്സ് കൗൺസിൽ കായികതാരങ്ങളും സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത ആലപ്പുഴ ജില്ലയിലെ കായിക താരങ്ങളും റോവിംഗ്താരങ്ങളും അണിനിരന്നു.
നഗരസഭ ശതാബ്ദി മന്ദിരത്തിൽ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര എച്ച്. സലാം എം.എൽ. എ ഫ്ലാഗ് ഓഫ് ചെയ്തു. സംഘാടകസമിതി ചെയർമാനും മന്ത്രിയുമായ സജി ചെറിയാൻ, പി പി ചിത്തരഞ്ജൻ എം. എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി, മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.എസ് താഹ, ആർ.റിയാസ്, വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത എന്നിവർ നേതൃത്വം നൽകി.
എൻ.സി.സി, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും വിളംബരജാഥക്ക് മിഴിവേകി. വിളംബരഘോഷയാത്ര പ്രധാന വേദിയായ സെന്റ് ജോസഫ് സ്കൂളിൽ സമാപിച്ചു.
വിളംബരഘോഷയാത്രക്ക് മുന്നോടിയായി ഇട്ടി അച്യുതൻ വൈദ്യരുടെ ചേർത്തല കടക്കരപ്പള്ളിയിലെ സ്മൃതി കുടീരത്തിൽ നിന്ന് ആരംഭിച്ച പതാക ജാഥ ദലീമ ജോജോ എം.എൽ .എ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചേർത്തല, അരൂർ, ആലപ്പുഴ മണ്ഡലങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് ആലപ്പുഴ മുനിസിപ്പൽ ശതാബ്ദി മന്ദിരത്തിലെത്തി. ഹരിത വിപ്ലവ നായകനായിരുന്ന
എം എസ് സ്വാമിനാഥന്റെ മങ്കൊമ്പ് തറവാട് വീട്ടിൽ നിന്നും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എം.വി.പ്രിയ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ദീപശിഖാ റാലി കുട്ടനാട്, ഹരിപ്പാട്, അമ്പലപ്പുഴ മണ്ഡലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശതാബ്ദി മന്ദിരത്തിൽ ത്തിച്ചേർന്നു.