
ആലപ്പുഴ: 56-ാമത് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവവും വെക്കേഷണൽ എക്‌സ്‌പോയും ഇന്ന് വൈകിട്ട് 4ന് ആലപ്പുഴ സെന്റ് ജോസഫ് എച്ച്.എസ്.എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ സജി ചെറിയാൻ,പി.പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാകും. എം.പിമാരായ കെ.സി. വേണുഗോപാൽ,കൊടിക്കുന്നിൽ സുരേഷ്,എം.എൽ.എമാരായ പി.പി ചിത്തരഞ്ജൻ,എച്ച്.സലാം,രമേശ് ചെന്നിത്തല,ദലീമ ജോജോ,യു.പ്രതിഭ,എം.എസ് അരുൺകുമാർ,തോമസ് കെ. തോമസ്,ജില്ലാ കളക്ടർ അലക്‌സ് വർഗീസ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി,നഗരസഭ അദ്ധ്യക്ഷ കെ.കെ.ജയമ്മ,ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ,ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി പ്രിയ,ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്,നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ ആർ.വിനീത,നഗരസഭ പ്രതിപക്ഷ നേതാവ് റീഗോ രാജു എന്നിവർ സംസാരിക്കും. നഗരത്തിലെ അഞ്ച് സ്‌കൂളുകളിലായി നടക്കുന്ന മേള 18ന് സമാപിക്കും. നാളെ രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു പതാക ഉയർത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും. വിവിധ ജില്ലകളിൽ നിന്നുള്ള 5,000ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.
വിളംബരജാഥ നടന്നു
ശാസ്ത്രോത്സവത്തിന് മുന്നോടിയായി ഇന്നലെ ആലപ്പുഴ നഗരത്തിൽ വിളംബര ഘോഷയാത്ര നടന്നു. ഘോഷയാത്ര പ്രധാന വേദിയായ സെന്റ് ജോസഫ് സ്കൂളിൽ എത്തിച്ചേർന്നപ്പോൾ സംഘാടകസമിതി ചെയർമാൻ മന്ത്രി സജി ചെറിയാൻ സ്കൂൾ അങ്കണത്തിൽ ദീപശിഖ തെളിച്ചു. തുടർന്ന് നടന്ന ചടങ്ങും മന്ത്രി ഉദ്ഘാടനം ചെയ്തു. പി.പി ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.