
അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിയിൽ മത്സ്യതൊഴിലാളികളെ മർദ്ദിച്ച കേസിൽ രണ്ട് പേർ അറസ്റ്റ് ചെയ്തു. പുറക്കാട് പഞ്ചായത്ത് 9-ാം വാർഡ് തോട്ടപ്പള്ളി പൊരിയന്റെ പറമ്പ് വീട്ടിൽ ശശികുമാർ (62), തോട്ടപ്പള്ളി പൊരിയന്റെ പറമ്പ് വീട്ടിൽ ശ്യാംലാൽ (38) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ശ്യാംഘോഷ് പരിക്ക് പറ്റിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർവൈലൻസിലാണ്. കൊല്ലം സ്വദേശി രാജേഷിന്റെ ഉടമസ്ഥയിലുള്ള ബോട്ടിൽ നിന്ന് എക്കോ സിസ്റ്റവും മോഷ്ടിക്കുന്നത് തടഞ്ഞ മത്സ്യത്തൊഴിലാളികളായ തിരുവനന്തപുരം സ്വദേശി ഫ്രാൻസിസ് (38), കൊല്ലം വാടി സ്വദേശി ജയിംസ് (37) എന്നിവർക്കാണ് മർദ്ദനമേറ്റത്.ബുധനാഴ്ച രാത്രി തോട്ടപ്പള്ളി പൊഴിയിലായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.