nanditha

മാന്നാർ: ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് അമ്മയുടെ വൃക്ക സ്വീകരിച്ച് ജീവിതം നയിച്ച നന്ദിത വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കുട്ടംപേരൂർ നന്ദനം വീട്ടിൽ (വടക്കേ അരീക്കര) അനന്തകുമാറിന്റെയും(റിട്ട.ദേവസ്വം ബോർഡ് ജീവനക്കാരൻ) സിന്ധുവിന്റെയും (ടീച്ചർ ശ്രീകാർത്ത്യായനി വിദ്യാമന്ദിർ) മകൾ നന്ദിത(22 )യാണ് മാതാവിന്റെ വൃക്ക സ്വീകരിച്ച് ഏഴു വർഷത്തിന് ശേഷം വീണ്ടും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ മരി​ച്ചത്. മാന്നാർ നായർ സമാജം ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെയാണ് നന്ദിതക്ക് ഇരുവൃക്കകളും തകരാറായതിനെ തുടർന്ന് അമ്മ സിന്ധു വൃക്ക നൽകിയത്. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നന്ദിതയുടെ ചികിത്സാ സഹായത്തിനായി നാടൊരുമിക്കുകയും ചെയ്തിരുന്നു. എം.എ വിദൂര വിദ്യാഭ്യാസ പഠനം നടത്തി വരവെയാണ് നന്ദിതയെ മരണം തട്ടിയെടുത്തത്. സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടന്നു. നന്ദകുമാർ ഏക സഹോദരനാണ്.