ph

കായംകുളം: ചെറുപ്പത്തിലേ നാടകം നെഞ്ചേറ്റിയ അഞ്ജലി സിനിമാ-സീരിയൽ മോഹം ബാക്കിയാക്കിയാണ് ഓർമ്മയാകുന്നത്. കോന്നി സ്വദേശി അനിരുദ്ധൻ നായരുടെയും ഉഷാകുമാരിയുടെയും മകളായ അഞ്ജലി സ്കൂൾതലം മുതൽ നാടകങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്നു. കായംകുളം കെ.പി.എ.സിയിലൂടെയാണ് പ്രൊഫഷണൽ നാടകരംഗത്തെത്തിയത്. ഇവിടെ വച്ച് പരിചയപ്പെട്ട മുതുകുളം സ്വദേശി ശ്രീകൃഷ്ണനെ പിന്നീട് ജീവിതത്തിലുമൊപ്പമാക്കി.

'ഈഡിപ്പസ്" നാടകത്തിൽ ഒന്നിച്ചഭിനയിച്ചപ്പോഴാണ് ഇരുവരും അടുത്തത്. പിന്നീട് ഇരുവരും കൊല്ലം അസീസിയ നാടകസംഘത്തിലേക്ക് മാറി. ഇവിടെ വച്ചായിരുന്നു വിവാഹം. ശ്രീകൃഷ്ണൻ മൊബൈൽ ഫോൺ സിം കമ്പനിയുടെ എക്സിക്യൂട്ടീവായി. തുടർന്ന് മൂന്ന് വർഷം മുമ്പ് അഞ്ജലി കായംകുളം ദേവ കമ്മൂണിക്കേഷനിലെത്തി. ആറുവിരലുള്ള കുട്ടി, ചന്ദ്രികാവസന്തം എന്നീ നാടകങ്ങളിൽ അഭിനയിച്ചു. പുതിയ നാടകമായ വനിതാമെസ് അവതരിപ്പിച്ച് മടങ്ങുമ്പോഴായിരുന്നു അഞ്ജലിയെ വിധി മടക്കിവിളിച്ചത്.

നാലഞ്ച് സിനിമകളിൽ പാട്ട് സീനുകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിരുന്നു. അഭിനയത്തെ ജീവനോളം സ്നേഹിച്ചിരുന്ന നടിയുടെ വേർപാട് നാടിനും തീരാവേദനയായി.

 'വനിതാമെസ്" 40 ബുക്കിംഗ്

എട്ടുവർഷം മുമ്പാരംഭിച്ച കായംകുളം ദേവ കമ്മൂണിക്കേഷന്റെ ആറാമത് നാടകമായിരുന്നു പ്രദീപ് കുമാർ കാവുംതറ രചനയും രാജീവൻ മമ്മിലി സംവിധാനവും നിർവഹിച്ച 'വനിതാമെസ്". നവംബർ ഒമ്പതിന് രാത്രി ഏഴിനാണ് നാടകസംഘം കണ്ണൂരിലേക്ക് യാത്രയായത്. 10ന് രാത്രിയിൽ നാടകത്തിന് ശേഷം സംഘം ട്രെയിനിൽ നാട്ടിൽ തിരിച്ചെത്തിയിരുന്നു. തുടർന്ന് 13ന് ട്രെയിനിൽ കണ്ണൂരിലേക്ക് വീണ്ടും പോയി. 14ന് രാത്രിയിലെ നാടകത്തിന് ശേഷം സുൽത്താൻ ബത്തേരിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. നാടകമേള നടക്കുന്ന സുൽത്താൻ ബത്തേരിയിൽ 16ന് രാത്രിയിലും തൃശൂരിൽ 17നും ചേർത്തലയിൽ 18നും ബുക്കിംഗുണ്ടായിരുന്നു. അഞ്ച് വേദികൾ പിന്നിട്ട വനിതാമെസ് നാടകത്തിന് 40 ബുക്കിംഗ് ലഭിച്ചിരുന്നതായി നാടകസമിതിയുടെ അമരക്കാരായ മനേഷ് എ.ബി.സി, സുരീഷ് കമലാലയം എന്നിവർ കേരളകൗമുദിയോട് പറഞ്ഞു.