
ആലപ്പുഴ: വലിയ കലവൂരിൽ നിർമ്മാണം പൂർത്തിയായ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാർമസി (ഹോംകോ)യിലെ മരുന്ന് ഉത്പാദനം മാർച്ചിൽ ആരംഭിക്കും.
പുതിയ മരുന്ന് ഫാക്ടറി കെട്ടിടത്തിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. ലൈസൻസ് നടപടികൾ പുരോഗമിക്കുന്നു. പാതിരപ്പള്ളിയിലെ പഴയ പ്ലാന്റ് നിലനിറുത്തിയാണ് പുതിയ ഫാക്ടറി പ്രവർത്തനം ആരംഭിക്കുന്നത്. മദർ ടിഞ്ചർ, സിറപ്പ്, ഓയിൻമെന്റ്, ഗുളികകൾ എന്നിവ ഉൾപ്പെടെ 150ൽപ്പരം മരുന്നുകൾ കൂടുതലായി ഉത്പാദിപ്പിക്കുക ലക്ഷ്യം. ഇതിലൂടെ കമ്പനിയുടെ പ്രതിവർഷ വിറ്റുവരവ് അഞ്ചുവർഷം കൊണ്ട് 125 കോടിയിലെത്തുമെന്നാണ് പ്രതീക്ഷ. 40കോടിയാണ് നിലവിലെ വിറ്റുവരവ്.
സർക്കാരിന് ആവശ്യമുള്ള മുഴുവൻ മരുന്നുകളുടെയും ഓർഡർ ലഭിച്ചതോടെ ഹോംകോ ഇപ്പോൾ ലാഭത്തിലാണ്. നിലവിൽ150 തൊഴിലാളികളാണുള്ളത്. പുതിയ പ്ലാന്റ് വരുന്നതോടെ തൊഴിൽ സാദ്ധ്യതയും ഗണ്യമായി വർദ്ധിക്കും.
ഡോ.തോമസ് ഐസക്ക് മന്ത്രിയായിരിക്കെ ദേശീയപാതയോരത്ത് രണ്ടേക്കർ സ്ഥലത്ത്
52.8 കോടി ചെലവിൽ നിർമ്മിച്ച ഒരു ലക്ഷം സ്‌ക്വയർ ഫീറ്റുള്ള നാലുനില കെട്ടിടസമുച്ചയം 2021ലാണ് ഉദ്ഘാടനം ചെയ്തത്.
കണ്ണ് കയറ്റുമതിയിൽ
1.കെട്ടിടത്തിൽ ശീതീകരണ ജോലികൾ ഏറ്റെടുത്ത കരാറുകാരൻ ടെണ്ടർ തുക കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ജോലികൾ വൈകിച്ചു. സർക്കാർ ഇത് നിരസിക്കുകയും പുതിയ കരാറുകാരന് നിർമ്മാണ ചുമതല നൽകുകയും ചെയ്തു.
2. മലിനജല സംസ്കരണ പ്ളാന്റിന്റെ നിർമ്മാണം വൈകിപ്പിച്ചതിന് കൺസ്ട്രക്ഷൻ കോർപ്പറേഷനെയും ചുമതലയിൽ നിന്ന് ഒഴിവാക്കി.രണ്ട് കോടിരൂപയുടെ പദ്ധതിക്ക് പുതിയ ടെണ്ടർ ക്ഷണിച്ചു.
3.യൂറോപ്യൻ രാജ്യങ്ങളിൽ മരുന്ന് കയറ്റി അയയ്ക്കാൻ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാൻ പ്രാപ്തമായ വിധം മാനദണ്ഡങ്ങൾ പാലിച്ചും അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടം പ്ലാന്റ് എന്നിവയുടെ നിർമ്മാണം.
മരുന്ന് ഉത്പാദനം
ലൈസൻസ്: 3000 ത്തോളം ഇനങ്ങൾക്ക്
തൊഴിലാളികൾ
നിലവിൽ: 150
സൃഷ്ടിക്കപ്പെടുന്നത് :156
പുതിയ ഫാക്ടറിയുടെ പ്രവർത്തനം നിലവിലെ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഒരു വിശ്വാസവുമില്ല. ഹോമിയോ മരുന്ന് ഉത്പാദന അടിയന്തരമായി ആരംഭിക്കണം
-എ.എ.ഷുക്കൂർ, പ്രസിഡന്റ്, ഹോംകോ എംപ്‌ളോയീസ് അസോ.
ലൈസൻസ് നടപടി പൂർത്തിയാക്കി മരുന്ന് ഉത്പാദനം അടിയന്തരമായി ആരംഭിക്കണം
- ആർ.റിയാസ്, പ്രസിഡന്റ്, ഹോംകോ എംപ്‌ളോയീസ് യൂണിയൻ