
ആലപ്പുഴ : ഗുരുവിന് വിജയം ദക്ഷിണയായി സമർപ്പിച്ച് അഖിലാദ്രിക. പാലക്കാട് നടന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ മിന്നുംപ്രകടനം കാഴ്ച വച്ചാണ് കായംകുളം എസ്.എൻ സെൻട്രൽ സ്കൂളിലെ ഒൻപതാംക്ളാസ് വിദ്യാർത്ഥിനി യായഅഖിലാദ്രിക ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷമായി കലാക്ഷേത്ര കിഷൻ എസ്.ഉണ്ണിയുടെ കീഴിൽ നൃത്തം അഭ്യസിക്കുന്ന അഖിലാദ്രിക ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നിവയിലാണ് ഇത്തവണ എ ഗ്രേഡ് സ്വന്തമാക്കിയത്. 2022ലെ സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിൽ നാടോടി നൃത്തത്തിനും കഴിഞ്ഞ വർഷത്തെ കലോത്സവത്തിൽ കുച്ചിപ്പുടിയിലും നാടോടിനൃത്തത്തിലും എ ഗ്രേഡ് നേടിയിരുന്നു. ഇത്തവണ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് അഖിലാദ്രിക ഗുരുവിന് കാത്തിരുന്ന വിജയം സമ്മാനിച്ചത്.
കലാരംഗത്തോടൊപ്പം പഠനരംഗത്തും മികവ് പുലർത്തുന്ന അഖിലാദ്രിക കായംകുളം രണ്ടാംകുറ്റി ദാസ് ഏജൻസീസ് ഉടമ പുഷ്പദാസിന്റെയും സവിതയുടെയും ചെറുമകളും ഡോ.ഗ്രീഷ്മയുടെയും ബിനുവിന്റെയും മകളുമാണ്.