ranjith

ആലപ്പുഴ : വള്ളികുന്നത്ത് ബാറിലുണ്ടായ സംഘർഷത്തെത്തുടർന്ന് അയൽവാസിയെ സോഡാക്കുപ്പി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി മുറിവേൽപ്പിച്ച ഓച്ചിറ ഞക്കനാൽ മുറിയിൽ റമീസ് മൻസിലിൽ റമീസ്(24), വള്ളികുന്നം കാരായ്മ മുറിയിൽ രതീഷ് ഭവനത്തിൽ രജ്ഞിത്ത് (ചന്തു -32) എന്നിവരെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 12-ന് രാത്രി 9.30ന് വവള്ളികുന്നത്ത് ബാറിന്റെ മുൻവശം ഇടനാഴിയിൽ വച്ച് വള്ളികുന്നം സ്വദേശിയായ ഷറഫുദ്ദീ(36)നെയാണ് മുൻ വൈരാഗ്യത്തെടുർന്ന് പ്രതികൾ ആക്രമിച്ചത്. അക്രമണത്തിനിടയിൽ റമീസ് അവിടെയുണ്ടായിരുന്ന സോഡാ കുപ്പിയെടുത്ത് ഷറഫുദ്ദീന്റെ തലയിൽ അടിക്കുകയായിരുന്നു. അടി കൊണ്ട് ഷറഫുദ്ദീൻ വീഴുന്നത് കണ്ട് ആളുകൾ ഓടിക്കൂടിയപ്പോൾ പ്രതികൾ ബൈക്കിൽ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. തലയ്ക്ക് ഗുരുതരമായി മുറിവേറ്റ ഷറഫുദ്ദീനെ ആദ്യം കായംകുളം ഗവ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടു പോയി. രഞ്ജിത്ത് വള്ളികുന്നം നിരവധി കേസുകളിൽ പ്രതിയാണ്. ഷറഫുദ്ദീന്റെ മാതൃസഹോദരിയുടെ മാടക്കട തീവെച്ച് നശിപ്പിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന രജ്ഞിത്ത്, ഇതിന്റെ വിരോധത്തിലാണ് ഷറഫുദ്ദീനെതിരെ ആക്രമണം നടത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചു. പ്രതികളെ കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചെങ്ങന്നൂർ ഡിവൈ. എസ്.പി എം .കെ.ബിനുകുമാറിന്റെ നേതൃത്വത്തിൽ വള്ളികുന്നം സി.ഐ ടി.ബിനുകുമാർ, എസ്.ഐ കെ.ദിജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അൻഷാദ്, സിവിൽ പൊലീസ് ഓഫീസറായ ജിഷ്ണു, എ.അബ്ദുൾ ജവാദ്, അഖിൽ കുമാർ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികുടിയത്.