
ഹരിപ്പാട് : ഹരിപ്പാട് ഉപജില്ല കലോത്സവത്തിൽ ഇത്തവണയും മണ്ണാറശാല യു.പി.സ്‌കൂളിന് അഭിമാന നേട്ടം. പങ്കെടുത്ത നാല് വിഭാഗങ്ങളിലും ഓവറോൾ ഒന്നാം സ്ഥാനങ്ങൾ സ്വന്തമാക്കിയാണ് സ്‌കൂൾ മികവിന്റെ ചരിത്രംആവർത്തിച്ചത്. എൽ.പി.ജനറൽ വിഭാഗത്തിൽ പങ്കെടുത്ത പതിമൂന്ന് ഇനങ്ങളിൽ പന്ത്രണ്ടിലും എ ഗ്രേഡ് സ്വന്തമാക്കിയാണ് ഓവറോൾ കിരീടം നേടിയത്. ഇതിൽ മൂന്ന് ഒന്നാം സ്ഥാനവും രണ്ട് രണ്ടാംസ്ഥാനവും മൂന്ന് മൂന്നാം സ്ഥാനവും ഉൾപ്പെടുന്നു. യു.പി.ജനറൽ വിഭാഗത്തിൽ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് ഒന്നാംസ്ഥാനങ്ങൾ കൂടാതെ രണ്ട് മൂന്നാം സ്ഥാനവുമുൾപ്പെടെ പങ്കെടുത്ത പതിനാറ് ഇനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കിയാണ് ഓവറോൾ കിരീടം കരസ്ഥമാക്കിയത്. യു.പി. സംസ്‌കൃതത്തിൽ പതിനെട്ട് ഇനങ്ങളിൽ മത്സരിച്ചപ്പോൾ പതിമൂന്ന് ഇനങ്ങളിൽ ഒന്നാംസ്ഥാനത്തോടെ ജില്ലാതല മത്സരത്തിന് യോഗ്യതനേടി. മൂന്ന് രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനമുൾപ്പെടെ പതിനേഴ് ഇനങ്ങളിൽ എ ഗ്രേഡ് നേടി ഓവറോൾ കിരീടം സ്വന്തമാക്കി. എൽ.പി.അറബിയിൽ ആകെയുള്ള ഒൻപത് ഇനങ്ങളിൽ അഞ്ച് ഒന്നാം സ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും ഉൾപ്പെടെ ഒൻപത് ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് ഓവറോൾ കിരീടം നേടിയത്. സ്കൂളിന്റെ ശതാബ്ദി ആഘോഷ വർഷത്തിലും മികച്ച വിജയം സ്വന്തമാക്കിയ വിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും പിന്തുണ നൽകിയ രക്ഷിതാക്കളെയും സ്‌കൂൾ മാനേജർ എം.കെ.പരമേശ്വരൻ നമ്പൂതിരി, ഹരിപ്പാട് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ശതാബ്ദി ആഘോഷ സംഘാടക സമിതി ജനറൽ കൺവീനറും സ്കൂളിലെ മുൻ പ്രഥമാധ്യാപകനുമായ എസ്.നാഗദാസ്, മുൻ പ്രഥമാധ്യാപകനും സംഘാടക സമിതി ജോയിന്റ് ജനറൽ കൺവീനറുമായ എൻ.ജയദേവൻ, സ്‌കൂൾ പ്രഥമാധ്യാപിക കെ.എസ്.ബിന്ദു, പി.ടി.എ.പ്രസിഡന്റ് സി.പ്രകാശ് തുടങ്ങിയവർ അനുമോദിച്ചു.