ആലപ്പുഴ : കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയവും വ്യത്യസ്തവുമായ ശാസ്ത്രമേളയയാണ് ആലപ്പുഴയിൽ സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാനസ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെയും വൊക്കേഷണൽ എക്സ്‌പോയുടെയും ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഒരു മാസമായി ജില്ലയിലെ അദ്ധ്യാപകരും ജനപ്രതിനിധികളും സ്‌കൂൾ ശാസ്‌ത്രോത്സവം ഏറ്റവും മികവുറ്റ രീതിയിൽ നടത്താൻ കഠിന പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
അന്ധവിശ്വാസങ്ങളെ ശാസ്ത്രം കടൽ കടത്തി : മന്ത്രി പി പ്രസാദ്
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കടൽ കടത്തിയത് ശാസ്ത്രമാണെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. സംസ്ഥാനസ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെയും വൊക്കേഷണൽ എക്സ്‌പോയുടെയും ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ നേട്ടങ്ങളുടെയെല്ലാം അടിത്തറ ശാസ്ത്രമാണ്. ശാസ്ത്ര പ്രതിഭകളെ ചെറിയ പ്രായത്തിൽ തന്നെ വളർത്തിയെടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.