ആലപ്പുഴ: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയ കുട്ടിശാസ്ത്രജ്ഞരെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പൂച്ചെണ്ടുകൾ നൽകിയും പൊന്നാട അണിയിച്ചും സംഘാടകസമിതിയുടെ നേതൃത്വത്തിൽ എച്ച്.സലാം എം.എൽ.എ സ്വീകരിച്ചു. എറനാട്, ജനശതാബ്ദി ട്രെയിനുകളിലായി മലബാർ മേഖലയിൽ നിന്നുള്ളവരായിരുന്നു ആദ്യസംഘാംഗങ്ങൾ. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓരോ സംഘത്തേയും സ്‌കൂൾ ബസുകളിലായി അത്താഴത്തിനായി ലജനത്ത്‌ സ്‌കൂളിലെത്തിച്ചു. അതിനുശേഷം ഓരോ ജില്ലയ്ക്കും താമസമൊരുക്കിയിട്ടുള്ള സ്‌കൂളിലുമെത്തിച്ചു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും റെയിൽവേസ്റ്റേഷനിലും സഹായഡെസ്‌ക് ഒരുക്കിയിട്ടുണ്ട്.