ആലപ്പുഴ: ഒന്നരപ്പതിറ്റാണ്ടിന് ശേഷം ആലപ്പുഴയിലെത്തിയ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന് ഉജ്ജ്വല തുടക്കം. നവീന ആശയങ്ങളും കണ്ടുപിടിത്തങ്ങളുമായി കുട്ടിപ്രതിഭകൾ ഇനിയുള്ള മൂന്നുദിവസങ്ങളിൽ കളംനിറയും. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും പ്രതിഭകളും കുട്ടികളുമായി സംവദിക്കും.

മേളയ്ക്ക് മാറ്റുകൂട്ടാൻ എല്ലാ ദിവസവും കലാ സാംസ്‌കാരിക പരിപാടികളുമുണ്ട്. 180 ഇനങ്ങളിലാണ് മത്സരം. ആദ്യദിനം ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഐടി ഹൈസ്‌കൂൾ വിഭാഗം ക്വിസ് മത്സരങ്ങളാണ് നടന്നത്. എല്ലാ മത്സരവേദികളിലും പൊലീസ്, അഗ്നിരക്ഷാസേന, ആംബുലൻസ് സേവനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. മത്സരത്തിന് പുറമേ, ആലപ്പുഴയുടെ അഭിമാന താരങ്ങളായ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥ്, അഗ്നി പ്രൊജക്ട് ഡയറക്ടർ ഡോ.ടെസ്സി തോമസ് എന്നിവരുമായുള്ള സംവാദമാണ് ഇന്നത്തെ ഹൈലൈറ്റ്.

നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് ക്ഷണിക്കപ്പെട്ട വിദ്യാർത്ഥികൾ സംവാദത്തിന്റെ ഭാഗമാകും. മത്സരവേദികളിൽ ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങൾക്കായി പ്രദർശനമുണ്ടാകും. സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ മത്സരങ്ങൾ ഇന്ന് നടക്കും. പഴയിടം മോഹൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ അമ്പലപ്പുഴ പാൽപ്പായസം കൂട്ടിയുള്ള സദ്യയുടെ അകമ്പടിയിലായിരുന്നു ആദ്യ ദിനത്തിന്റെ തുടക്കം.
ഉച്ചയ്ക്കുശേഷം നടന്ന മത്സരങ്ങളിൽ എല്ലാ ജില്ലകളിൽനിന്നുമായി എത്തിയ 112 പ്രതിഭകൾ മാറ്റുരച്ചു. പ്രധാന വേദിയായ സെന്റ് ജോസഫ്‌സ് എച്ച്എസ്എസിൽ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തി. ആലപ്പുഴ എസ്.ഡി.വി സ്‌കൂളിൽ എസ്.ഇ.ആർ.ടി സംഘടിപ്പിക്കുന്ന സ്‌കിൽ നെസ്റ്റ് എക്സ്പോ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനംചെയ്തു. ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയ ആദ്യ ടീമിനെ റിസപ്ഷൻ, ട്രാൻസ്പോർട്ട് കമ്മിറ്റികൾ ചേർന്ന് റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു.

ഭക്ഷണശാലയിൽ ഇന്നത്തെ മെനു

രാവിലെ: ഇഡലി,സാമ്പാർ,ചട്നി, ചായ, മുട്ട പുഴുങ്ങിയത്
ഉച്ചയ്ക്ക് : ചോറ്, സാമ്പാറ്,അവിയൽ, പുളിശ്ശേരി, രസം,തോരൻ, അച്ചാർ, പച്ചടി, മീൻകറി
വൈകിട്ട്: ചായ,കോഫി,കൊഴുക്കട്ട.
രാത്രി: ചോറ്,പച്ചടി, തോരൻ, പപ്പടം, കൂട്ടുകറി, തക്കാളി ഒഴിച്ചുകറി, അച്ചാർ, രസം, ചപ്പാത്തി, ഗ്രീൻപീസ്‌ കറി