
ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ പന്ത്രണ്ട് ദിവസം നീണ്ടു നിൽക്കുന്ന വൃശ്ചികോത്സവത്തിന് ഇന്ന് തിരിതെളിയും. ഭക്തജനങ്ങൾക്ക് ഭജനം ഇരിക്കുന്നതിനായി അറുനൂറോളം കുടിലുകളുടെ നിർമ്മാണവും വിതരണവും പൂർത്തിയായി. കൂടാതെ ഓംകാരം, സത്രം, ഗസ്റ്റ്ഹൗസുകളിലും ഓഡിറ്റോറിയത്തിലും ആൽത്തറകളിലുമായി പതിനായിരത്തോളം ആളുകൾ ഭജനം പാർക്കും. ഇന്നലെ വൈകുന്നേരം മുതൽ തന്നെ ഭക്തജനങ്ങൾ കുടിലുകളിൽ താമസം ആരംഭിച്ചു. ബാക്കിയുള്ളവർ ഇന്ന് എത്തിച്ചേരും. സർക്കാരിന്റെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ ഏകോപനത്തോടെയാണ് ഉത്സവത്തിന്റെ നടത്തിപ്പ്. ഓഡിറ്റോറിയത്തിൽ 24 മണിക്കൂറും കലാപരിപാടികൾ അവതരിപ്പിക്കും. പരബ്രഹ്മ പുരസ്കാരത്തിനായുള്ള നാടക മത്സരം, കഥകളി , ഓട്ടൻതുള്ളൽ, ഗാനമേള, നൃത്തനാടകങൾ, സംഗീതകച്ചേരി, ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ, തിരുവാതിര എന്നിവ ഓഡിറ്റോറിയത്തിൽ അരങ്ങേറും. രാവിലെ 8ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് തോട്ടത്തിൽ സത്യൻ പതാക ഉയർത്തും. തുടർന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവ തീർത്ഥാടന സന്ദേശം നൽകും. വൈകിട്ട് 3ന് നടക്കുന്ന ഹിന്ദുമത കൺവെൻഷൻ ഹൈക്കോടതി ജസ്റ്റിസ് വി.ജി.അരുൺ ഉദ്ഘാടനം ചെയ്യും.