മാവേലിക്കര : തെക്കേക്കര പഞ്ചായത്തിൽ നടത്തിയ കുട്ടികളുടെ ഹരിത സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 13 സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 300 കുട്ടികൾ വിളംബര ജാഥയിലും ഹരിത സഭയിലും പങ്കെടുത്തു. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും അവരിലൂടെ മാലിന്യ നിർമാർജന അവബോധം സമൂഹത്തിൽ ആകെ സൃഷ്ടിക്കുവാനും, ഈ മേഖലയിൽ നൂതന ആശയങ്ങൾ സംഭാവന ചെയ്യുവാനും കുട്ടികൾക്ക് അവസരം നൽകുന്നതിനുമാണ് ഹരിത സഭ നടത്തിയത്.കുറത്തികാട് എൻ.എസ്.എസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി അമൃത രഞ്ജിത്ത് അദ്ധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. റിനോഷ് ശാമുവൽ മുഖ്യ സന്ദേശം നൽകി. പഞ്ചായത്ത് അംഗങ്ങളായ ശ്രീലേഖ.ജി, ജോൺ വർഗീസ്, ഗീത മുരളി, ഗീത തോട്ടത്തിൽ, പ്രിയ വിനോദ്, സലീന വിനോദ്, ബിന്ദു ചന്ദ്രഭാനു തുടങ്ങിയവർ പങ്കെടുത്തു.