
ആലപ്പുഴ: അന്ധതയെ പൊരുതിത്തോൽപ്പിച്ച കോഴിക്കോട് റഹ്മാനിയ സ്കൂൾ ഫോർ ഹാന്റികാപ്‌ഡിലെ അദ്ധ്യാപകനായ ടി.നൗഷാദ് ഇത്തവണ ഭിന്നശേഷി വിദ്യാർത്ഥികളുടെ വിഭാഗം പ്രവൃത്തിപരിചയമേളയിലെത്തിയത് ഒരു പിൻഗാമിയുമായാണ്. വിദ്യാർത്ഥിയായിരിക്കെ സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ ആറുവർഷം തുടർച്ചയായി പങ്കെടുത്തിരുന്നു നൗഷാദ്.
ജന്മനാ ഇരുകണ്ണുകൾക്കും കാഴ്ചയില്ലാത്ത അഞ്ചാംക്ളാസുകാരനായ അജയ് ബാലു ഉൾപ്പെടെ 12 വിദ്യാർത്ഥികളുമായാണ് ഇത്തവണ ആലപ്പുഴയിലെ മേളയിലേക്ക് നൗഷാദ് എത്തിയത്. മഹാരാഷ്ട്ര സ്വദേശികളും കൂലിപ്പണിക്കാരുമായ ബാലു - ഉഷ ദമ്പതികളുടെ ഇളയമകനാണ് അജയ്. ജോലിതേടി കോഴിക്കോടെത്തിയ ബാലുവും കുടുംബവും അജയ് ഉൾപ്പെടെ മൂന്നുമക്കളുമായി പള്ളിത്താഴം പെരുവയൽ കായലം ബി.കെ അപ്പാർട്ട്മെന്റിലാണ് താമസം. കാഴ്ചയില്ലാത്ത മകനെ എങ്ങനെയും പഠിപ്പിക്കണമെന്ന ആഗ്രഹമാണ് റഹ്മാനിയ സ്കൂളിലെത്തിച്ചത്. ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പ്രത്യേകപരിശീലനത്തിനിടെ അദ്ധ്യാപകനായ നൗഷാദ് അജയുടെ കഴിവുകൾ തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ എളുപ്പമായി.
ഇരുകണ്ണുകൾക്കും കാഴ്ചയില്ലെങ്കിലും കലാവാസനയും കരവിരുതും കൈമുതലായുള്ള അജയിന് അവധി ദിവസങ്ങളിൽ പ്രത്യേക പരിശീലനം നൽകിയാണ് നൗഷാദ് മത്സരങ്ങൾക്ക് പ്രാപ്തനാക്കിയത്. ഊഞ്ഞാൽ, കാറിന്റെ ടയറിൽ ടീടേബിൾ, വെള്ളം കോരാനുള്ള പാളയും തൊട്ടിയും, പൊടിതല്ലി, ചൂൽ, തലയണ തുടങ്ങി നിശ്ചിത സമയത്തിനുള്ളിൽ അരഡസനിലധികം വസ്തുക്കൾ നിർമ്മിച്ചാണ് അജയ് അന്ധതയെ തോൽപ്പിച്ചത്. അങ്ങാടിപ്പുറം വഴിപ്പാറ ചുരയ്ക്കാപ്പറമ്പ് തവളേക്കൽ ഹൗസിൽ മുഹമ്മദ് - ഹൗവ്വാ ഉമ്മ ദമ്പതികളുടെ മകനായ നൗഷാദും ജന്മനാ അന്ധനായിരുന്നു. റഹ്മാനിയ സ്പെഷ്യൽ സ്കൂളിൽ ഏഴാംക്ളാസ് വരെ പഠിച്ച നൗഷാദ്, സോഷ്യോളജിയിൽ ബിരുദവും അദ്ധ്യാപക പരിശീലനവും പൂർത്തിയാക്കിയാണ് 18 വർഷം മുമ്പ് അതേ സ്കൂളിൽ അദ്ധ്യാപകനായത്.