ആലപ്പുഴ: സിറ്റി ഗ്യാസ് പദ്ധതിക്കായി പിച്ചുഅയ്യർ ജംഗ്ഷൻ മുതൽ കോൺവെന്റ് സ്‌ക്വയർ വരെയുള്ള റോഡ് പൊളിച്ചിടുകയും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ നഗരം ഗതാഗതക്കുരുക്കിലായി. ശവക്കോട്ട പാലത്തിന്റെ വടക്കുഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കോൺവെന്റ് സ്‌ക്വയറിന് വടക്കേ ജംഗ്ഷൻ വഴി പിച്ചുഅയ്യർ ജംഗ്ഷനിൽ എത്തിയാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നത്. ഈ പ്രധാന റോഡാണ് ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാനായി പൊളിച്ചിട്ടിരിക്കുന്നത്. നഗരത്തിലെ സ്‌കൂളുകളിൽ സംസ്ഥാന ശാസ്ത്രോത്സവം നടക്കുന്നതിനാൽ വാഹനങ്ങൾ പലവഴിക്കായി തിരിച്ചുവിട്ടിരിക്കുകയാണ്. ഇതോടെ നഗരം അക്ഷരാർത്ഥത്തിൽ കൂട്ടക്കുരുക്കിലായി.

ദേശീയപാത വിഭാഗം കൊല്ലം ഡിവിഷന്റെ കീഴിലുള്ള പിച്ചുഅയ്യർ ജംഗ്ഷൻ- കോൺവെന്റ് സ്‌ക്വയർ റോഡിലെ ജോലികൾ പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് ഒരുമാസത്തെ സമയമാണ് നൽകിയിരുന്നത്. എന്നാൽ, സമയപരിധി കഴിഞ്ഞിട്ടും ജോലി എങ്ങുമെത്തിയില്ല.

ശാസ്ത്രോത്സവവുമായി ബന്ധപ്പെട്ട് വിവിധ സ്കൂളുകളിൽ നിന്നെത്തുന്ന വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്കുചെയ്യുന്നതും ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്. ജനറൽ ആശുപത്രി, ഇരുമ്പുപാലം, പിച്ചു അയ്യർ ജംഗ്ഷൻ, വൈ.എം.സി.എ, ജില്ലാക്കോടതിപ്പാലം, കല്ലുപാലം എന്നിവിടങ്ങളിലാണ് വാഹനങ്ങൾ ഏറെ കുരുങ്ങിക്കിടക്കുന്നത്.

രാവിലെ തുടങ്ങുന്ന കുരുക്ക് കൺട്രോൾ റും മുതൽ തെക്കോട്ട് കൊട്ടാരപ്പാലം വരെ നീളാറുണ്ട്. ജില്ലാക്കോടതി പാലത്തിന്റെ ഇരുവശത്തെ റോഡിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ജില്ല കോടതിപ്പാലത്തിന്റെ പൈലിംഗുമായി ബന്ധപ്പെട്ട് 19 മുതൽ വൈ.എം.സി.എപാലത്തിനും ജില്ലാ കോടതിപ്പാലത്തിനുമിടയിൽ ഗതാഗതം നിയന്ത്രിക്കുന്നതോടെ ഗതാഗതകുരുക്ക് ഇനിയും രൂക്ഷമാകാനാണ് സാദ്ധ്യത.

കാൽനടയും ദുഷ്‌കരം

തിരക്കേറിയതും കുരുക്കിലമർന്നതുമായ റോഡുകളുടെ ഇരുവശവും വഴിയോരക്കച്ചവടക്കാർ കൈയടക്കിയതോടെ കാൽനട പോലും ദുഷ്‌കരമായി

രാഷ്ട്രീയ പാർട്ടികളുടെ പിന്തുണകാരണം കൈയേറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഇതോടെ ശക്തമാണ്

മുല്ലയ്ക്കൽ തെരുവിലും ജില്ലാക്കോടതി മുതൽ കോടതിപ്പാലം വരെയും വഴിയോരകച്ചവടം വർദ്ധിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

കോടതിപ്പാലത്തിന് വടക്ക് ഭാഗത്ത് വാഹനങ്ങളിൽ കച്ചവടം നടത്തുന്നവരും നിരവധിയാണ്. പഴം, പച്ചക്കറി കച്ചവടക്കാരാണ് ഇവരിൽ ഭൂരിഭാഗവും

റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ നഗരസഭ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

കരാറുകാർക്ക് അനുവദിച്ച സമയം കഴിഞ്ഞു. നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ പ്രദേശം നാളെ സന്ദർശിക്കും

- അക്‌സിഅബി മോൻ, അസി.എക്സിക്യുട്ടീവ് എൻജിനിയർ, ദേശീയപാത വിഭാഗം, കൊല്ലം ഡിവിഷൻ