
അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ അമ്പലപ്പുഴ യോഗം പേട്ട സംഘം ട്രസ്റ്റിന്റെ അന്നദാനത്തിന് തുടക്കമായി. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. ജയലക്ഷ്മി ഭദ്രദീപ പ്രകാശനം നടത്തി. വടക്കേ ഊട്ടുപുരയിൽ ഉച്ചക്കും വൈകിട്ടും 51 ദിവസമാണ് അയ്യപ്പ ഭക്തർക്കായി അമ്പലപ്പുഴ പേട്ട സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യുക. എരുമേലി വാവരു പള്ളിയുടേയും വാവർ പ്രതിനിധി കുടുംബമായ താഴത്തു വീട്ടിൽ കുടുംബക്കാരുടെയും വകയായി ഓരോ ദിവസം ക്ഷേത്രത്തിൽ അന്നദാനം നടക്കും. ക്ഷേത്രത്തിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് വിരിവയ്ക്കുന്നതിനുള്ള ക്രമീകരണം ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്കായി ആരോഗ്യ സെമിനാർ ഉൾപ്പടെ വിവിധ സെമിനാറുകളും നടക്കും. അമ്പലപ്പുഴക്കാരുടെ ശബരിമല തീർത്ഥാടനവേളയിലെ അതിവിശിഷ്ട ചടങ്ങായ ആഴിപൂജകൾ വിവിധ ക്ഷേത്രങ്ങളിലും ഭവനങ്ങളിലുമായി നടക്കും. 18 ആഴിപൂജകളാണ് ഈ വർഷത്തെ തീർത്ഥാടന കാലത്തേക്കായി ഇതുവരെ ക്രമീകരിച്ചിരിക്കുന്നത്.