
ആലപ്പുഴ: വയനാട് ദുരന്തപശ്ചാത്തലത്തിൽ, പ്രകൃതി ദുരന്തങ്ങളുടെ പ്രത്യാഘാതം പരമാവധി കുറയ്ക്കാനുള്ള ആശയങ്ങളാണ് സംസ്ഥാന ശാസ്ത്രോത്സവം എച്ച്.എസ് വിഭാഗം വർക്കിംഗ് മോഡലിൽ കൂടുതൽ വിദ്യാർത്ഥികളും അവതരിപ്പിച്ചത്.
ഉരുൾപൊട്ടൽ സാദ്ധ്യതയുളള പ്രദേശങ്ങളിൽ, ഭൂമിക്കടിയിൽ ജലത്തിന്റെ അളവ് കൂടാൻ തുടങ്ങുമ്പോൾ തന്നെ മുന്നറിയിപ്പ് നൽകുന്ന ലാൻഡ് സ്ലൈഡ് അലർട്ട് സിസ്റ്റമാണ് കാസർകോട് കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ എ.നിരാമയയും എ.എം.ശ്രേയസും അവതരിപ്പിച്ചത്.
കൃഷിയിടങ്ങളിൽ മണ്ണിന്റെ ഈർപ്പം ഉണക്കാൻ ഉപയോഗിക്കുന്ന സോയിൽ മോയിസ്ചർ സെൻസർ പരിഷ്കരണം വരുത്തിയാണ് ഇവരുടെ പരീക്ഷണം. ഭൂതലജലത്തിന്റെ അളവ് 80ശതമാനം പിന്നിടുമ്പോഴാണ് ഉരുൾപൊട്ടലുണ്ടാകുന്നത്. അളവ് 65 ശതമാനം എത്തുമ്പോൾ തന്നെ സെൻസർ അപകട സൂചന പുറപ്പെടുവിക്കും. സെൻസറുമായി ബന്ധിപ്പിച്ച് പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ടവറിൽ നിന്ന് അപകട സൈറൺ മുഴങ്ങും. കൂടാതെ, വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത ലാൻഡ് സ്ലൈഡ് അലർട്ട് ആപ്പ് വഴി സമീപത്തെ പൊലീസ് സ്റ്റേഷൻ, ഫയർ ഫോഴ്സ്, പ്രദേശവാസികൾ തുടങ്ങിയവർക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കും. ഇതോടെ പ്രദേശത്ത് നിന്ന് ജനങ്ങൾക്ക് മുൻ കൂട്ടി മാറിപ്പോകാൻ സാധിക്കും.