ആലപ്പുഴ: കാഴ്ചയുടെയും കേൾവിയുടെയും പരിമിതികളെ അതിജീവിച്ച് സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ പ്രവൃത്തിപരിചയമേള കരവിരുതിന്റെ സംഗമമായി. 43 സ്പെഷ്യൽ സ്കൂളുകളിൽ നിന്നായി എൽ.പി മുതൽ ഹയർ സെക്കൻഡറി തലം വരെ ശ്രവണ-കാഴ്ചപരിമിതരായ 957കുട്ടികളാണ് എസ്.ഡി.വി സ്കൂളിൽ നടന്ന പ്രവൃത്തിപരിചയമേളയിൽ പങ്കെടുത്തത്.

പേപ്പർ, പ്ളാസ്റ്റിക്, തടി, ചിരട്ട, തൊണ്ട് , കക്കാത്തോട്, പേൾ, പ്ളാസ്റ്റിക് എന്നിവയിലാണ് കുട്ടികൾ വിസ്മയം തീർത്തത്. തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ നിന്നുള്ള നിർമ്മിതികളും കാണികളെ അമ്പരപ്പിച്ചു. ഉപയോഗശൂന്യമായ പഴയ ടയറുകളിൽ തീർത്ത കുട്ട, വട്ടി, ചായടീപ്പോ, പ്ളാസ്റ്റിക്ക് നാരുകളിൽ നിർമ്മിച്ച ഫ്ളവർവെയ്സുകൾ, ബാഗുകൾ, ചിരട്ടയിൽ തീർത്ത വിവിധതരം ശിൽപ്പങ്ങൾ, റെക്സിനിൽ നിർമ്മിച്ച ബാഗുകൾ, തടിയിൽ കൊത്തിയെടുത്ത പൂക്കൾ തുടങ്ങിയവയായിരുന്നു നിർമ്മിതികൾ. നിലവിലെ പോയിന്റ് നില അനുസരിച്ച് കാഴ്ചപരിമിതിക്കാരുടെ ഓൺ ദി സ്പോട്ട് ഐറ്റങ്ങളിൽ 2426 മാർക്കോടെ കാഞ്ഞിരപ്പള്ളി അസീസി സ്കൂളും ശ്രവണ പരിമിതിക്കാരുടെ വിഭാഗത്തിൽ 13148 മാർക്കോടെ എറണാകുളം മാണിക്യമംഗലം സെന്റ് ക്ളയർ ഓറൽ സ്കൂളുമാണ് മുന്നിൽ. 2158 പോയിന്റോടെ മങ്കട പള്ളിപ്പുറം കേരള സ്കൂൾ ഫോർ ബ്ളൈൻഡ് കാഴ്ചപരിമിതിക്കാരുടെ വിഭാഗത്തിലും 12774 പോയിന്റോടെ കോഴിക്കോട് എരഞ്ഞിപ്പാലംകരുണ സ്പെഷ്യൽ സ്കൂൾ ശ്രവണ പരിമിതരുടെ വിഭാഗത്തിലും രണ്ടാം സ്ഥാനത്തുണ്ട്.