ആലപ്പുഴ : കോമളപുരത്തും പുന്നപ്ര തൂക്കുളത്തും ഭീതിപരത്തിയ മോഷണക്കേസിൽ ഒരാൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലെന്ന് സൂചന. കുറുവാസംഘമെന്ന് സംശയിക്കുന്ന കവർച്ചാസംഘത്തിലെ മറ്റുള്ളവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കസ്റ്റഡിയിലുള്ള ആളിന്റെ വിരലടയാളം, ആധാർ രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് പരിശോധിച്ചു .മോഷണ സമയത്ത് ഉപയോഗിച്ച മൊബൈൽ ഏതൊക്കെ ടവർ പരിധിയിലായിരുന്നുവെന്ന പരിശോധന നടന്നു വരുന്നു. ആലപ്പുഴ ഡിവൈ.എസ്.പി മധുബാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പുന്നപ്രയിലും മണ്ണഞ്ചേരിയിലും അന്വേഷണം നടത്തുന്നത്. 12ന് പുലർച്ചെയാണ് കോമളപുരം സ്വദേശികളായ ഇന്ദുവിന്റെ മൂന്നേമുക്കാൽ പവൻ താലിമാലയും ജയന്തിയുടെ ആറുഗ്രാം വരുന്ന താലിയും കൊളുത്തും , 14ന് പുന്നപ്ര തുക്കുകുളം സ്വദേശിനിയുടെയും പിഞ്ചുകുഞ്ഞിന്റെയും രണ്ട്പവൻ മാലയുമാണ് കവർന്നത്. മോഷ്ടാക്കൽ സമാന രീതിയിലാണ് വീടുകളിൽ കവർച്ച നടത്തിയത്. എല്ലായിടത്തും പുലർച്ചെ 12.30നും രണ്ടിനും ഇടയിലായിരുന്നു മോഷണം. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും വ്യക്തമായ തെളിവുകൾ പൊലീസിന് കിട്ടാത്തത് അന്വേഷണത്തെ ബാധിക്കുന്നു.