ആലപ്പുഴ : 56-ാമത് സംസ്ഥാന ശാസ്ത്രോത്സവത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി 39 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ ഫലം അറിവായ ഇനങ്ങളിൽ 339 പോയിന്റോടെ മലപ്പുറത്തിന്റെ  മുന്നേറ്റം. 317 പോയിന്റോടെ തൃശൂർ രണ്ടാമതും 316 പോയിന്റോടെ കണ്ണൂർ മൂന്നാമ തുമാണ്.
യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലായി നടത്തിയ ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര മേളകളിലും പ്രവൃത്തിപരിചയ, ഐ.ടി മേളകളിലും വൊക്കേഷണൽ കരിയർ എക്സ്പോയിലുമായി 3500ലധികം വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുത്തത്. സ്പെഷ്യൽ സ്കൂൾ പ്രവൃത്തി പരിചയമേളയിൽ നിലവിലെ പോയിന്റ് നില അനുസരിച്ച് ശ്രവണ പരിമിതിക്കാരുടെ വിഭാഗത്തിൽ 15042 മാർക്കോടെ എറണാകുളം മാണിക്യമംഗലം സെന്റ് ക്ളയർ ഓറൽ സ്കൂളും കാഴ്ചപരിമിതിക്കാരുടെ ഓൺദി സ്പോട്ട് ഐറ്റങ്ങളിൽ 3237 മാർക്കോടെ കാഞ്ഞിരപ്പള്ളി അസീസി സ്കൂളുമാണ് മുന്നിൽ.
സ്കൂൾതലത്തിൽ വിവിധ ഇനങ്ങളിലായി 60 പോയിന്റ് നേടി വയനാട് സുൽത്താൻ ബത്തേരിയിലെ ജി.വി.എച്ച്.എസ്.എസ് മാനന്തവാടി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ആതിഥേയരായ ആലപ്പുഴ പൂങ്കാവിലെ എം.ഐ.എച്ച്. എസ് 48 പോയിന്റോടെ  പിന്നിലുണ്ട്. ബത്തേരി അസംപ്ഷൻ എച്ച്.എസാണ് 41 പോയിന്റോടെ മൂന്നാം സ്ഥാനത്ത്. മോസ്റ്റ് ഇന്നവേറ്റീവ്, മോസ്റ്റ് മാർക്കറ്റീവ്, മോസ്റ്റ് പ്രോഫിറ്റബിൾ, കരിക്കുലം റിസോഴ്സസ് ഇനങ്ങളിലായി 84 ടീമുകളായി 168 കുട്ടികൾ മാറ്റുരച്ച വൊക്കേഷണൽ എക്സ്പോയുടെ മത്സരഫലങ്ങൾ ഇതുവരെയും അറിവായിട്ടില്ല. ഇന്ന് ഫലപ്രഖ്യാപനം നടക്കുന്നതിന് പിന്നാലെ കമ്പ്യൂട്ടർ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ്, ആട്ടോമൊബൈൽ, ഫിഷറീസ്, അഗ്രികൾച്ചറൽ രംഗത്തെ കുട്ടികളുടെ തൊഴിൽ നൈപുണ്യത്തിന്റെ മികവുകൾ കാണികൾക്ക് നേരിൽകാണാം മത്സരഫലങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതിലെ കാലതാമസം ഫലപ്രഖ്യാപനത്തെ ബാധിക്കുന്നുണ്ട്.
വേഗവരയിലൂടെ ലോക പ്രശസ്ത ശാത്രജ്ഞൻമാരെ അരങ്ങിൽ അവതരിപ്പിച്ച പെർഫോമിംഗ് ചിത്രകാരനും സചിത്ര പ്രഭാഷകനുമായ ഡോ. ജിതേഷ് ജിയുടെ ശാസ്ത്രദർശൻ വരയരങ്ങും സെന്റ് ജോസഫ് എച്ച്.എസ്.എസിൽ കലാമണ്ഡലം അവതരിപ്പിച്ച രംഗ് മാലയും ശാസ്ത്രോത്സവത്തിനിടയിൽ കലാസ്വാദകർക്ക് കൗതുകക്കാഴ്ചയായി.
 ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്.സോമനാഥും മിസൈൽ വുമൺ ഡോ. ടെസി തോമസുമായുള്ള ശാസ്ത്രസംവാദം കുട്ടികൾക്ക് ആവേശമായി.ഇന്നത്തെ മത്സരങ്ങൾ കൂടി പൂർത്തിയാക്കിയശേഷം നാളെ വൈകിട്ട് 4ന് സെന്റ് ജോസഫ് സ്കൂളിൽ ചേരുന്ന സമാപന സമ്മേളനം മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
നിലവിലെ പോയിന്റ് നില
മലപ്പുറം– 339
തൃശൂർ– 317
കണ്ണൂർ– 316
പാലക്കാട്– 314
കോഴിക്കോട്– 307
കോട്ടയം--300
എറണാകുളം-- 299
കാസർകോഡ്- 295
വയനാട്-268
കൊല്ലം-288
ആലപ്പുഴ-275
പത്തനംതിട്ട-277
തിരുവനന്തപുരം-277
ഇടുക്കി-250