
ഹരിപ്പാട്: നന്മയുടെ ഉറവിടം വറ്റാത്ത മനസുകളുടെ ഒത്തൊരുമയിൽ നിർദ്ധന കുടുംബത്തിന് അന്തിയുറങ്ങാൻ വീടൊരുങ്ങുന്നു. ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയാണ് 75-ാമത്തെ വീടുനിർമ്മാണമാരംഭിക്കുന്നത്. പത്തിയൂർ പഞ്ചായത്ത് ഒന്നാം വാർഡ് ഗ്രീനിലയം വീട്ടിൽ വിജയകുമാർ സന്ധ്യ ദമ്പതികൾക്കാണ് കരുതൽ കൂട്ടായ്മ കൈത്താങ്ങാകുന്നത്. രോഗിയായ ഇദ്ദേഹത്തിന് സ്കൂൾ വിദ്യാർത്ഥിനിയായ ഒരു മകളുമുണ്ട്. തല ചായ്ക്കാനിടമില്ലാതെ ദുരിതത്തിലായ ഈ കുടുംബത്തിന്റെ ദയനീയാവസ്ഥയറിഞ്ഞാണ് കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി.കെ.ഡേവിഡ് മുൻ കൈയെടുത്ത് വീടു നിർമാണത്തിന് സുമനസുകളുടെ സഹായത്താൽ തുടക്കം കുറിക്കുന്നത്. ഇന്ന് രാവിലെ 9 ന് ഗ്രഹനാഥൻ വിജയകുമാർ ശിലാസ്ഥാപന കർമം നിർവഹിക്കും.ഈ മാസം നിർമാണമാരംഭിക്കുന്ന അഞ്ചാമത്തെ വീടാണ് ഇത്.