ആലപ്പുഴ: ബഹിരാകാശത്തെ ട്രാഫിക് മുതൽ സുനിതവില്യംസിന്റ ആരോഗ്യം വരെ ചർച്ച ചെയ്യുന്നതായിരുന്നു ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥുമായുള്ള ശാസ്ത്രസംവാദം. പ്രതിരോധരംഗത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം മുതൽ ജോലി സാദ്ധ്യതകൾ വരെയുള്ള ചോദ്യങ്ങൾ കൊണ്ട് വിജ്ഞാന സമൃദ്ധവും രസകരവുമായിരുന്നു ഇന്ത്യയുടെ മിസൈൽ വനിത ഡോ.ടെസി തോമസുമായുള്ള സംവാദം. സംസ്ഥാനസ്‌കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് പ്രധാനവേദിയായ സെന്റ് ജോസഫ് സ്‌കൂളിൽ ബഹിരാകാശത്തെ ഇന്ത്യൻ കുതിപ്പ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശാസ്ത്രസംവാദമാണ് പ്രപഞ്ചത്തിന്റെ അകപ്പൊരുൾ ലളിതമായി വിശദീകരിക്കുന്ന
സംവാദവേദിയായി മാറിയത്.
ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യമുണ്ടാവണമെന്നും എപ്പോഴും ചോദിച്ചുകൊണ്ടേയിരിക്കണമെന്നും ഡോ.എസ്. സോമനാഥ് കുട്ടികളോട് പറഞ്ഞു. മൈക്കൽ ഫാരഡേ പറഞ്ഞെന്ന് പറഞ്ഞാൽ പോലും വിശ്വസിക്കരുത്, അത് സ്വയം കണ്ടുപിടിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഐ.എസ്.ആർ.ഒയിലെ അനുഭവങ്ങളും പ്രചോദനമായ വ്യക്തികളെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചു. സ്പോസ് സയൻസിലെ നിർമ്മിത ബുദ്ധിയുടെ ഉപയോഗം, ബഹിരാകാശത്ത് മനുഷ്യൻ നേരിടുന്ന പ്രതിസന്ധികൾ, എ.ടി.വി ടെസ്റ്റ് ബഡ്, സ്പേസ് മേഖലയിൽ ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യകൾ, ബഹിരാകാശ സാങ്കേതിക വിദ്യയെ കൃഷിക്കും ദുരന്തനിവാരണത്തിനും എങ്ങിനെ ഉപയോഗിക്കുന്നു തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ കുട്ടികളിൽ നിന്ന് ഉയർന്നു.
സുനിത വില്യംസിന്റെ
ആരോഗ്യം എങ്ങനെയുണ്ട്?
അഞ്ചാം ക്ലാസുകാരിയായ അന്നാ മറിയം ജോണിന് അറിയേണ്ടത് സുനിത വില്യംസ് തിരിച്ചു വരുമ്പോൾ അവർക്ക് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു. ടൈം ട്രാവൽ സാദ്ധ്യമാകുമോ എന്ന ചോദ്യത്തിന് ഭൂതകാലത്തിലേക്ക് പോയി നിരീക്ഷണം സാധിക്കുമെന്ന് ജെയിംസ് വെബ് ടെലിസ്‌കോപ്പിന്റെ ദൗത്യം ചൂണ്ടിക്കാട്ടി ഡോ.സോമനാഥ് പറഞ്ഞു.
പ്രതിരോധരംഗത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം മുതൽ ജോലി സാദ്ധ്യതകൾ വരെയുള്ള കാര്യങ്ങളാണ് ഇന്ത്യയുടെ മിസൈൽ വനിത ഡോ.ടെസി തോമസിൽ നിന്ന് വിദ്യാർത്ഥികൾക്ക് അറിയേണ്ടിയിരുന്നത്.
ഒരുശാസ്ത്രജ്ഞൻ ഓരോ നിമിഷവും ഓരോ സെക്കൻഡും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണമെന്നും 30വർഷം മുമ്പുള്ള സങ്കേതിക വിദ്യയല്ല ഇന്നുള്ളതെന്നും ടെസി തോമസ് പറഞ്ഞു.