ചേർത്തല : അനർഹനായ വ്യക്തിക്ക് നഗരസഭയുടെ ജീവൻരക്ഷാസമിതിയിൽ നിന്ന് സഹായം നൽകിയെന്ന ആരോപണത്തിന്റെ പേരിൽ നഗരസഭ കൗൺസിലിൽ വാദപ്രതിവാദം. സമ്പന്നനായ ആൾക്ക് സഹായം കൈമാറിയതായുള്ള ആരോപണം സ്വതന്ത്രഅംഗം പി.എസ്.ശ്രീകുമാറാണ് ശനിയാഴ്ച കൗൺസിൽ യോഗത്തിൽ അജണ്ടകൾക്കു ശേഷം ഉന്നയിച്ചത്. ഇതിന് ബി.ജെ.പി പിന്തുണ നൽകിയതോടെ വാദ പ്രതിവാദങ്ങൾ അരങ്ങേറി. കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ 12ാം വാർഡിലെ വ്യക്തിക്കാണ് അഞ്ചു ലക്ഷം അനുവദിച്ചു നൽകിയത്.
വാർഡ് കൗൺസിലർ കൂടിയായ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പി.ഉണ്ണികൃഷ്ണൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തുക നൽകിയത്.ജീവൻ രക്ഷാസമിതി നിയമ പ്രകാരം അവയവമാറ്റ ശസ്ത്രക്രീയക്കു വിധേയരാകുന്നവർക്കുമാത്രമാണ് സഹായം.നഗരസഭ നേതൃത്വത്തിൽ ജനങ്ങളിൽ നിന്നും സ്വരൂപിച്ചതാണ് തുക.
അന്വേഷണം വേണം
ജീവൻ രക്ഷാസമിതിയെ തെറ്റിദ്ധരിപ്പിച്ച് രഹസ്യമായാണ് തുകകൈമാറിയതെന്നും മുനിസിപ്പൽ ചട്ടങ്ങൾക്കു വിരുദ്ധമായാണ് തുക നൽകിയതെന്നുമാണ് ഇവരുടെ വാദം.സി.പി.എമ്മുകാരനും സമ്പന്നനുമായ ആൾക്കു ജനങ്ങളിൽ നിന്നും സമാഹരിച്ച തുകകൈമാറിയതിൽ അന്വേഷണം വേണം.പാവപെട്ട നിരവധി രോഗികൾക്കു ചികിത്സാ സഹായം കിട്ടാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലെ നടപടി.തുക വിനിയോഗത്തെ കുറിച്ചു കൃത്യമായ കണക്ക് കൗൺസിലിൽ അവതരിപ്പിക്കണമെന്ന് ബി.ജെ.പി പാർലമെന്ററി പാർ്ട്ടി ലീഡർ ആശാമുകേഷും,സ്വതന്ത്രഅംഗം പി.എസ്.ശ്രീകുമാറും ആവശ്യപെട്ടു.
ലക്ഷ്യം കുടുംബത്തെ അവഹേളിക്കൽ
അവയവമാറ്റ ശസ്ത്രക്രീയക്ക് വിധേയരായ യുവാവിനെയും ഭാര്യയെയും കുടുംബത്തെയും അവഹേളിക്കലാണ് ആരോപണത്തിനു പിന്നിലെന്ന് ചെയർപേഴ്സൺ ഷേർളി ഭാർഗവൻ പറഞ്ഞു. വാർഡുകൗൺസിലറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സമിതി അന്വേഷണം നടത്തി നടപടികൾ പാലിച്ചാണ് തുക നൽകിയത്.യുവാവിനു അവയവം നൽകിയ ഭാര്യയും ശസ്ത്രക്രീയക്കു വിധേയയായിരുന്നു.ജീവൻ രക്ഷിക്കാനുള്ള ഇടപെടലുകളിൽ പോലും രാഷ്ട്രീയ കാണുന്നത് വ്യക്തിവിരോധം മൂലമാണെന്നും അവർ പറഞ്ഞു.
ഭർത്താവും ഭാര്യയും ഒരേസമയം ശസ്ത്രക്രീയക്കു വിധേയരായ വാർഡിലെ കുടുംബത്തെയാണ് സഹായിച്ചതെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ പി.ഉണ്ണികൃഷ്ണൻ പറഞ്ഞു.