ആലപ്പുഴ: യുവാവിന്റെ തലയ്ക്ക് ഗുരുതര പരിക്കേൽപ്പിച്ച ശേഷം കാറിൽ നാട് വിടാൻ ശ്രമിച്ച പ്രതികൾ മണിക്കൂറുകൾക്കകം ആലുവയിൽ നിന്ന് പിടിയിലായി. ആലപ്പുഴ നഗരസഭ മുല്ലാത്ത് വാർഡിൽ തിരുവമ്പാടി അൽഫിയ മൻസിലിൽ ഷാഹിദ് (22), പഴവീട് വാർഡിൽ പഴവീട് മാങ്കാംകുളങ്ങര വീട്ടിൽ അമൽകുമാർ (21), മുല്ലാത്ത് വാർഡിൽ മുല്ലാത്ത് വളപ്പിൽ ആലി ഇമ്രാൻ (21), വെള്ളക്കിണർ വാർഡിൽ ഉമ്മാപറമ്പിൽ വീട്ടിൽ ഷാജഹാൻ (22), ആലിശ്ശേരി വാർഡിൽ പൂപ്പറമ്പ് വീട്ടിൽ ജുനൈദ് റഷീദ് (21) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ നഗരസഭ വലിയമരം വാർഡിൽ എച്ച്.ബി പാടം ബിലാൽ(20), വെള്ളക്കിണർ വാർഡിൽ ഏഴുതയ്യിൽ ചിറ വീട്ടിൽ ഇജാസ് (19) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.വെള്ളിയാഴ്ച രാത്രി 8.30മണിയോടെ ആലപ്പുഴ ടൗണിൽ ഇർഷാദ് പള്ളിക്ക് സമീപംവച്ചാണ് യുവാവിന്റെ തലയ്ക്ക് ഗുരുതര പരിക്കേൽപ്പിച്ചത്. ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിമുട്നിടയായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. കാറിൽ രക്ഷപെട്ട പ്രതികളെ മണിക്കുറുകൾക്കകം ആലുവയിൽ നിന്നും ആലപ്പുഴ സൗത്ത് സി.ഐ കെ.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ബിലാലിനെ ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിലും, തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.