ആലപ്പുഴ: കുട്ടി ശാസ്ത്രജ്ഞരുടെ പുത്തൻ ആശയങ്ങൾ കോർത്തിണക്കിയ സംസ്ഥാന ശാസ്ത്രമേള മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ നവീന ആശയങ്ങൾ പിറന്നതിന്റെ ആവേശത്തിലാണ് ശാസ്ത്രപ്രേമികൾ. സംസ്ഥാന ശാസ്ത്രമേളയിൽ ആദ്യമായി സംഘടിപ്പിച്ച ശാസ്ത്ര സംവാദത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഇത്രത്തോളം സംശയങ്ങൾ കുട്ടി മനസ്സുകളിൽ ഒളിച്ചിരിപ്പുണ്ടോയെന്ന കൗതുകം ശാസ്ത്രജ്ഞരുടെ മനസ്സിൽ പോലും കടന്നുവന്നു. മത്സരങ്ങൾക്ക് ശേഷം വർക്കിംഗ് മോഡലുകളും, വി.എച്ച്.എസ്.ഇ എക്സ്പോയും കാണാൻ വലിയ പൊതുജന പങ്കാളിത്തവുമുണ്ടായിരുന്നു. നിർമ്മിത ബുദ്ധിയുടെ സൃഷ്ടികളോടായിരുന്നു കാണികൾക്ക് ഏറെയും താത്പര്യം. അദ്ധ്യാപകരുടെ ടീച്ചിംഗ് എയ്ഡുകൾ കേവലം മത്സരത്തിലും പ്രദർശനത്തിലും ഒതുങ്ങാതെ പ്രായോഗിക തലത്തിലും ഉപയോഗിക്കണമെന്ന് മേളയിൽ അഭിപ്രായമുയർന്നു. എൽ.പി യു.പി വിദ്യാർത്ഥികളുടെ അവസരം ജില്ലാ തലത്തിൽ ഒതുക്കുന്നതിനെതിരെയും വിമർശനമുണ്ടായി. വൈകുന്നേരങ്ങളിലെ കലാപരിപാടികൾക്കും വലിയ ജനപങ്കാളിത്തം അനുഭവപ്പെട്ടു. പ്രസംഗം, പ്രാദേശിക ചരിത്ര രചന, അറ്റ്ലസ് നിർമ്മാണം തുടങ്ങിയ സിംഗിൾ ഇനങ്ങളിലും കടുത്ത മത്സരമാണ് വിദ്യാർത്ഥികൾ കാഴ്ച്ചവച്ചത്.
ഭക്ഷണശാലയിൽ ഇന്നത്തെ മെനു
രാവിലെ - ഉപ്പുമാവ്,കടല,ഏത്തപ്പഴംപുഴുങ്ങിയത്, ചായ
ഉച്ചയ്ക്ക് : ചോറ്, സാമ്പാറ്,പുളിശ്ശേരി,അവിയൽ, തോരൻ, പച്ചടി, രസം, അച്ചാർ, ചിക്കൻകറി
വൈകിട്ട് : ചായ, കോഫി,വട്ടയപ്പം
രാത്രി : ചോറ്, കാളൻ, തോരൻ, കൂട്ടുകറി, അച്ചാർ, രസം, തേങ്ങചമ്മന്തി, ചപ്പാത്തി, മുട്ടക്കറി