അരൂർ: അരൂർ പഞ്ചായത്തിൽ വീടുകളിൽ നിന്ന് മോട്ടോർ പമ്പ് മോഷണം പോകുന്നത് പതിവായി. വീടുകളുടെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന മോട്ടോറുകളാണ് കുടിവെള്ളം മുട്ടിച്ചുക്കൊണ്ട് വ്യാപകമായി മോഷണം നടത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞദിവസം അരൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ആട്ടുവള്ളി ക്ഷേത്രത്തിന് സമീപമുള്ള നാലു വീടുകളിലെ മോട്ടോർ പമ്പുകളാണ് മോഷണം പോയത് .ഒരെണ്ണം പകൽ സമയത്താണ് നഷ്ടപ്പെട്ടത്.മുക്കമ്പത്ത് ആനന്ദാമ്മയുടെയും നെടുമുറിയിൽ രതിക്കുട്ടിയുടെയും ദേവസം ചിറയിൽ രവീന്ദ്രൻ പിള്ളയുടെയും മോട്ടോർ പമ്പുകളാണ് കഴിഞ്ഞദിവസം നഷ്ടപ്പെട്ടത്. ആൾത്താമസമില്ലാത്ത ചിറ്റയിൽ അനീഷിന്റെ വീടിനു പുറകിൽ സ്ഥാപിച്ചിരുന്ന മോട്ടോർ നഷ്ടപ്പെട്ടു. കഴിഞ്ഞമാസം ഏഴാം വാർഡിൽ മുട്ടത്ത് രാജേഷിന്റെ മോട്ടോർ പമ്പ് നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. അരൂർ പൊലീസിൽ പരാതി നൽകിയിട്ട് ഇതുവരേയും മോഷ്ടാവിനെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. അരൂർ ദേവീ ക്ഷേത്രത്തിൽ ഇന്നലെ പട്ടാപ്പകൽ ഭണ്ഡാരം മോഷ്ടിക്കാൻ ശ്രമിച്ച ഒരാളെ ക്ഷേത്രം ജീവനക്കാരൻ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.