
മാന്നാർ : കരാർ കമ്പനി കൈയൊഴിഞ്ഞതിനെത്തുടർന്ന് നിർമ്മാണം അനിശ്ചിതത്വത്തിലായ മാന്നാർ പാവുക്കര മൂർത്തിട്ട- മുക്കാത്താരി റോഡിന്റെ ശനിദശ മാറുന്നു. നിർമ്മാണം വേഗം ആരംഭിക്കുന്നതിനായി മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളുടെ ഫലമായി കരാർ ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റി സന്നദ്ധത അറിയിച്ചതോടെയാണ് നിർമ്മാണത്തിലെ അനിശ്ചിതത്വം നീങ്ങിയത്.
മാന്നാർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ 1,2,3,4 വാർഡുകളിലൂടെ കടന്നുപോകുന്നതാണ് മാന്നാർ പാവുക്കര മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡ്. പാടശേഖരത്തിന്റെ നടുവിലൂടെ കടന്നുപോകുന്ന മൂന്നുമീറ്റർ മാത്രം വീതിയുള്ള ബണ്ട് റോഡിലൂടെ കാൽനടയാത്രപോലും ദുസ്സഹമാണ്. ഓട്ടോറിക്ഷകൾ പോലും കടന്നുവരാൻ മടിക്കുന്ന ഈ റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ നിരവധി പ്രതിഷേധ സമരങ്ങളാണ് അരങ്ങേറിയിട്ടുള്ളത്. മൂർത്തിട്ട-മുക്കാത്താരി റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് സി.പി.എം മാന്നാർ വെസ്റ്റ് ലോക്കൽ സമ്മേളനത്തിലും ആവശ്യമുയർന്നിരുന്നു.
സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി സജി ചെറിയാൻ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 15കോടി രൂപയാണ് നിർമ്മാണപ്രവർത്തങ്ങൾക്കായി അനുവദിച്ചത്. കഴിഞ്ഞ മാർച്ച് 12 ന് മന്ത്രി സജി ചെറിയാൻ നിർമ്മാണോദ്‌ഘാടനവും നടത്തിയിരുന്നു.
ഊരാളുങ്കൽ കരാർ ഏറ്റെടുക്കും
കരാറെടുക്കാൻ മുന്നോട്ട് വന്ന മുളമൂട്ടിൽ കൺസ്ട്രക്ഷൻസ് പിന്മാറിയതോടെയാണ് നിർമ്മാണം അനിശ്ചിതത്വത്തിലായത്
വീണ്ടും ടെണ്ടർ നടത്തിയിട്ടും കരാറെറ്റെടുക്കാൻ ആരും തയ്യാറാകാത്തത് മൂലം ക്വട്ടേഷൻ നടപടികളിലേക്ക് കടക്കുമ്പോഴാണ് പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകൾ എത്തിയത്
സംസ്ഥാനതലത്തിൽ വിളിക്കേണ്ട ക്വട്ടേഷൻ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൽ കുരുങ്ങിയതോടെ തിരഞ്ഞെടുപ്പ് കഴിയുന്നതിനുള്ള കാത്തിരിപ്പിലായി
മന്ത്രിതലത്തിൽ നടന്ന ചർച്ചകൾ ഫലം കണ്ടതോടെയാണ് ഊരാളുങ്കൽ കരാർ ഏറ്റെടുക്കുമെന്ന് സജി ചെറിയാന്റെ ഓഫീസ് അറിയിച്ചത്
നിർമ്മാണത്തിന് അനുവദിച്ചത്
15 കോടി