e-komban
ഇ - കൊമ്പൻ വർക്കിംഗ് മോഡലുമായി ദേവാംഗനയും മുക്തയും ഫോട്ടോ മഹേഷ് മോഹൻ

ആലപ്പുഴ : കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുംമുമ്പേ അറിയാനും നിരീക്ഷിക്കാനും അകറ്റി നിറുത്താനും ഇ - കൊമ്പനുമായി വിദ്യാർത്ഥികൾ. നാടിനെ വിറപ്പിക്കുന്ന മറ്റുവന്യമൃഗങ്ങളെ നിരീക്ഷിക്കാനും ഉപകരിക്കുന്ന ട്രാക്കിംഗ് റോവറാണിത്. കോഴിക്കോട് വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ വി.കെ.മുക്തയും ആർ.ബി.ദേവാംഗനയുമാണ് ഇതുമായി സംസ്ഥാന ശാസ്ത്രോത്സവത്തിനെത്തിയത് .

അരിക്കൊമ്പനോടുള്ള ഇഷ്ടം മൂലമാണ് ഇ - കൊമ്പൻ എന്ന പേരിട്ടത്. വന്യമ‌ൃഗങ്ങളും ജനങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ സഹായിക്കുന്ന എ.ഐ സാങ്കേതികവിദ്യ സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ പ്രായോഗികമാക്കുകയാണ് ലക്ഷ്യം.

സൗരോർജ്ജത്തിൽ

പ്രവർത്തിക്കും

 സൗരോർജത്തിലാണ് പ്രവർത്തനം. എ.ഐ ക്യാമറ സദാസമയം ചുറ്റുപാട് നിരീക്ഷിക്കും. വന്യമൃഗങ്ങൾ പരിസരത്തെത്തിയാൽ വനംവകുപ്പിനും പൊലീസിനും സൂചന ലഭിക്കും. ദൃശ്യങ്ങൾ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിൽ ലഭ്യമാകും.

ജി.പി.എസ് ഉപയോഗിച്ച് മ‌ൃഗത്തിന്റെ കൃത്യമായ ലൊക്കേഷൻ മനസ്സിലാക്കാം. ആനകളെ ഓടിക്കാൻ തേനീച്ചയുടെ ശബ്ദം പോലുള്ളവ പുറപ്പെടുവിക്കും.

# പത്തേക്കർ വനഭൂമിയിൽ നാലോ അഞ്ചോ ഇ - കൊമ്പന്മാരെ സ്ഥാപിച്ചാൽ മതിയാകും.മ‌ൃഗങ്ങൾ കേടുപാട് വരുത്താതിരിക്കാൻ പാറയുടെയോ മറ്റോ രൂപത്തിൽ റോവറിനെ സ്ഥാപിക്കണം.

# റോവറിനെ ഡ്രോണിലേക്ക് മാറ്റാനുള്ള തയാറെടുപ്പ് നടത്തുന്നുണ്ട്. ഡ്രോൺ യാഥാർത്ഥ്യമായാൽ കാട്ടിൽ നാല് റോവറുകൾക്ക് പകരം ഒരു ഡ്രോൺ മതിയാകും

ചെലവ് തുച്ഛം

ഇ - കൊമ്പൻ വർക്കിംഗ് മോഡൽ തയ്യാറാക്കാൻ ചെലവായത് 3500 രൂപയാണ്. ജി.എസ്.എം. ജി.പി.എസ് മോഡ്യൂളുകളും, സുരക്ഷയ്ക്കുള്ള പി.ഐ.ആർ മോഡ്യൂളും മുന്നറിയിപ്പ് നൽകാനുള്ള സെൻസറും ശബ്ദ സംവിധാനവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ചില ഭാഗങ്ങൾ ഇറക്കുമതി ചെയ്യേണ്ടി വന്നതിനാലാണ് ചെലവ് കൂടിയത്. കേന്ദ്രസർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികളിൽ ഉൾപ്പെടുത്തിയാൽ, ഒരു ഇ - കൊമ്പനെ നിർമ്മിക്കാനുള്ള ചെലവ് രണ്ടായിരം രൂപയ്ക്കുള്ളിൽ ഒതുക്കാനാവും.