അമ്പലപ്പുഴ: ദേശീയപാതയിൽ കരൂർ -പായൽക്കുളങ്ങരയിൽ അടിപ്പാത നിർമ്മാണത്തിനായി ജനകീയ സമിതി പതിനായിരം പേരുടെ ഒപ്പുശേഖരണം നടത്തും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കും, കെ. സി. വേണഗോപാൽ എം.പിയ്ക്കും, എച്ച് .സലാം എം. എൽ. എ, ജില്ലാ കളക്ടർ, നാഷണൽ ഹൈവേ അതോറിറ്റി ഡപ്യൂട്ടിഡയറക്ടർ എന്നിവർക്കും ഭീമഹർജ്ജി നൽകാനും ജനകീയ സമിതി ജനറൽ ബോഡി യോഗം തീരുമാനിച്ചു. സ്ഥലം സന്ദർശിക്കാത്ത കളക്ടറുടെ നിലപാടിൽ പ്രതിഷേധിച്ച് 20ന് രാവിലെ 10ന് കളക്ടറേറ്റ് പടിക്കൽ നിൽപ്പ് സമരം നടത്തും പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ അദ്ധ്യക്ഷനായി . പഞ്ചായത്ത് അംഗങ്ങളായ വി.എസ്. മായാദേവി, കെ. രാജീവൻ , എം.ശ്രീദേവി. കൺവീനർ എം.ടി.മധു , ജി.ഓമനക്കുട്ടൻ, കെ.സജീവൻ , കെ. ഉത്തമൻ, പി.ബാബു, ജി.പ്രിയൻ, എസ്.ജൂബി, എസ്. ദിലീപ് എന്നിവർ സംസാരിച്ചു.