zsdgs

മുഹമ്മ: കുറുവ സംഘത്തെ ദിവസങ്ങൾക്കകം പിടികൂടാൻ കഴിഞ്ഞ മണ്ണഞ്ചേരി പൊലീസിനും പ്രത്യേക അന്വേഷണ സംഘത്തിനും അഭിനന്ദന പ്രവാഹം. കഴിഞ്ഞ 12 ന് വെളുപ്പിന് തമ്പകച്ചുവട് മാളിയേക്കൽ ഇന്ദു കുഞ്ഞുമോന്റെ 3.5 പവന്റെ സ്വർണമാലയാണ് ഈ സംഘം കവർന്നെടുത്തത്. കുറുവ സംഘം അടുക്കള വാതിൽ തകർത്താണ് മോഷണം നടത്തിയത്. പ്രതികളെ പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായും പൊലീസിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ഇന്ദു കുഞ്ഞുമോനും കുടുംബവും അറിയിച്ചു. മുഖം മറച്ചിരുന്നതിനാൽ സി.സി.ടി.വി ക്യാമറയിൽ നിന്ന് പ്രതികളെ വ്യക്തമല്ലായിരുന്നു.നെഞ്ചത്ത് പച്ചകുത്തിയതുമാത്രമായിരുന്നു ഏക അടയാളം. അന്വേഷണത്തിന്റെ വഴികളിൽ സഞ്ചരിച്ച പൊലീസ് സംഘം എറണാകുളം കുണ്ടന്നൂരിൽ വച്ചാണ് സന്തോഷ് സെൽവനെയും മണികണ്ഠനെയും പിടികൂടി ആലപ്പുഴയിൽ പോലീസ് പരിശീലന കേന്ദ്രത്തിൽ എത്തിച്ചത്.ശേഷം പുലർച്ചെ തമ്പകച്ചുവട്ടിൽ മോഷണ വേഷത്തിൽ എത്തിച്ച് മോഷണ രീതി പുനരാവിഷ്കരിച്ചു. ഇതേ തുടർന്നാണ് മോഷണം നടത്തിയത് സന്തോഷ് സെൽവനാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. എന്നാൽ പ്രതിസ്ഥാനത്ത് മണികണ്ഠനിലേക്ക് എത്താവുന്ന ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല. മണ്ണഞ്ചേരി പൊലിസിന് പ്രതികളെ പിടികൂടാൻ കഴിഞ്ഞതിൽ ആശ്വാസത്തിലാണ് നാട്.