
ആലപ്പുഴ : ഒരു ത്രില്ലർ സിനിമയുടെ പ്രതീതിയിലാണ് ഗഗൻയാൻ പ്രൊജക്ട് ഡയറക്ടർ ഡോ.എം.മോഹൻ ഗഗൻയാൻ നിർമ്മാണവും ലോഞ്ചിംഗും ലാൻഡിംഗുമെല്ലാം ആനിമേഷൻ വീഡിയോയിലൂടെ ശാസ്ത്രസംവാദസദസിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഇന്ത്യയുടെ ആദ്യബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ 2035ഓടെ കമ്മീഷൻ ചെയ്യാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വൈജ്ഞാനിക മേഖലയിൽ കേരളത്തിന്റെ സാധ്യതകൾ എന്ന വിഷയത്തിലാണ് ആലപ്പുഴക്കാരൻ കൂടിയായ ഡോ.മോഹൻ വിദ്യാർഥികളുമായി സംവദിച്ചത്.
ഗഗൻയാൻ പദ്ധതിയിൽ ബഹിരാകാശ യാത്രികനാകാനുള്ള മാനദണ്ഡങ്ങളെ പറ്റി ഒരു വിദ്യാർത്ഥി ചോദിച്ചപ്പോൾ ഗഗയാൻ പദ്ധതി കൊണ്ട് ഇന്ത്യക്കെന്ത് നേട്ടമെന്നായിരുന്നു മറ്റൊരു ചോദ്യം. പലവിധ ഗവേഷണങ്ങൾക്കും ചന്ദ്രനിൽ വെള്ളം ഉണ്ടന്ന് കണ്ടെത്തിയത് പോലെ ഒട്ടേറെ പുതിയ കണ്ടുപിടുത്തങ്ങൾക്കും ഇത്തരം ദൗത്യങ്ങൾ വഴികാട്ടുമെന്നായിരുന്നു ഡോ.മോഹന്റെ മറുപടി. ബഹിരാകാശ യാത്രികരെ സുരക്ഷിതരായി കൊണ്ടുപോയി തിരികെ എത്തിക്കുക എന്നതാണ് ഗഗയാൻ പദ്ധതിയുടെ പ്രധാന ദൗത്യമെന്നും ആരോഗ്യസുരക്ഷക്ക് കൃത്യമായ തയ്യാറെടുപ്പുകളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും സ്ഥിരമായി തിരഞ്ഞെടുക്കുന്ന ഡോക്ടർ, എൻജിനീയർ തൊഴിൽ മേഖലകളിൽ മാത്രമായി കരിയർ അന്വേഷണം ഒതുക്കാതെ ആധുനിക കാലഘട്ടത്തിൽ അനന്തമായ തൊഴിൽ സാദ്ധ്യതകളുള്ള പുതിയ മേഖലകളിലേക്ക് അഭിരുചിക്കനുസരിച്ച് ഇറങ്ങി ചെല്ലണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.