ആലപ്പുഴ: സിനിമ വന്ന വഴിയും വളർച്ചയും ഭാവിയുമെല്ലാം ഒറ്റ നോട്ടത്തിൽ മനസിലാക്കി തരികയാണ് കോഴിക്കോട് വളയം ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥികളായ എസ്.എസ്.സച്ചിദയും ജീവന്യ എസ്.അനിലും. ചിത്രങ്ങൾ ചലിക്കാൻ തുടങ്ങിയത് മുതൽ സിനിമട്ടോഗ്രാഫി, ഫിലിം പ്രൊജക്ടർ, ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ എന്നിവയിലൂടെ സഞ്ചരിച്ച് ഡിജിറ്റൽ യുഗത്തിൽ എത്തിനിൽക്കുന്ന ചരിത്രമാണ് ഇവർ തയാറാക്കിയിരിക്കുന്നത്. കൂടാതെ, എ.ഐ സാങ്കേതിക വിദ്യയോടെ സിനിമയെ തൊട്ടും മണത്തും രുചിച്ചും അറിയാൻ കഴിയുന്ന ഭാവിയിലെ സാദ്ധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണയുണ്ട്.

ചാർളി ചാപ്ലിൻ ചിത്രങ്ങളായ സർക്കസ്, ഗോൾഡ് റഷ് എന്നിവയിലെയും ആദ്യ കളർ ചിത്രമായ വിസാർഡ് ഒഫ് ഓസിലെയും പ്രസ‌ക്ത ഭാഗങ്ങളുടെ നിശ്ചല മോഡലുകളും വിദ്യാർത്ഥികൾ തയ്യാറാക്കിയിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ പ്രതിഫലനങ്ങൾ വ്യക്തമാക്കുന്ന ചലച്ചിത്രങ്ങളായ പി.കെ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നിവയുടെ മോഡലുകളും അവർ തയ്യാറാക്കിയിരുന്നു. സോഷ്യോളജി വിദ്യാർത്ഥികളായ സച്ചിദയും ജീവന്യയും ജേണലിസം പേപ്പറിലെ പാഠഭാഗങ്ങൾ അധിഷ്ഠിതമാക്കി,​ ജേണലിസം അദ്ധ്യാപിക എൻ.ആർ.ഷബിദയുടെയും സോഷ്യൽ സയൻസ് കോർഡിനേറ്റർ ഒ.കെ.അഷിനയുടെയും പിന്തുണയിൽ തയ്യാറാക്കിയ പ്രൊജക്ടിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.