village

ആലപ്പുഴ : ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ തീ പിടിച്ചാൽ എന്തുചെയ്യും .അതിനുള്ള പരിഹാരവുമായാണ് പാലക്കാട് കാവിശ്ശേരി കെ.സി.പി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥികളായ എസ്.മുഹമ്മദ് ഹുസൈനും ബി. ടിനുരാജും എത്തിയത്. ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം വർക്കിംഗ് മോഡലിൽ അവതരിപ്പിച്ച 'ഫ്യൂച്ചറെസ്റ്റിക് വില്ലേജിലെ' ഒരാശയമാണിത്. കാറിൽ തീപിടിത്തം ഉണ്ടാകാനുള്ള സാദ്ധ്യത ഫ്ലെയിം സെൻസർ വഴി മുൻകൂട്ടി അറിയാനാകും. പ്രധാനമായും കാറിന്റെ മുൻവശത്തെ രണ്ട് ഡോറുകളിലും ഡിക്കിയുടെ ഭാഗത്തുമായി നാല് സെൻസറുകളാണ് ഘടിപ്പിക്കുന്നത്. തീപിടിത്തം ഉണ്ടാകുന്നതോടെ അലാം അടിക്കും . ഇതോടെ ഡ്രൈവർക്ക് വാഹനം നിറുത്താൻ സാധിക്കും. വാഹനം നിറുത്തുന്നതോടെ ഓട്ടോമാറ്റിക് ആയി കാറിന്റെ ഡോറുകൾ തുറക്കുകയും വാഹനത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുകയും ചെയ്യും. രാത്രിയാത്രക്കാർക്ക് അപകടങ്ങൾ ഉണ്ടാക്കുന്ന ഉറക്കത്തിന് തടയിടാനും ഇവരുടെ കൈയ്യിൽ ഐഡിയയുണ്ട്. കണ്ണടച്ച് മൂന്ന് സെക്കൻഡ് കഴിഞ്ഞും തുറന്നില്ലെങ്കിൽ അലാം അടിക്കും. തുടർന്ന് സീറ്റ് ചെറുതായി ഇളകും. എന്നിട്ടും ഡ്രൈവർ ഉണർന്നില്ലെങ്കിൽ അടുത്തപടിയായി കാറിന്റെ വേഗം കുറച്ച് പിന്നിലെ വാഹനത്തിന് നിർത്താൻ പോകുന്നെന്ന മുന്നറിയിപ്പ് നൽകിയശേഷം സുരക്ഷിതമായി വാഹനം നിൽക്കും.

ആശയങ്ങൾ ഒത്തുച്ചേർന്ന ഫ്യൂച്ചറെസ്റ്റിക് വില്ലേജ്

നിരവധി ആശയങ്ങളെ ഒരുകുടക്കീഴിൽ അണിനിരത്താനാണ് മുഹമ്മദ് ഹുസൈനും ടിനുരാജും തങ്ങളുടെ ഫ്യൂച്ചറെസ്റ്റിക് വില്ലേജ് എന്ന മോഡലിൽ ശ്രമിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ ഇവരുടെ ഗ്രാമത്തിൽ ഉണ്ടാകില്ല. വിവിധ സെൻസറുകളുടെ സഹായത്തോടെ ഉരുൾപൊട്ടൽ അറിയാനുള്ള സംവിധാനമുണ്ടാകും. വീട്ടിൽ ആളില്ലെങ്കിലും മഴപെയ്യുന്നത് മുൻകൂട്ടി മനസ്സിലാക്കി തുണി നനയാതെ വീട്ടിലേക്ക് ഓട്ടോമാറ്റിക് ആയി മാറ്റുന്ന സംവിധാനം, കാറ്റിലും വെള്ളത്തിലും പ്രവർത്തിക്കുന്ന ചെറിയ ടർബൻ ഉപയോഗിച്ച് മൊബൈൽഫോൺ ചാർജ് ചെയ്യാനുള്ള സംവിധാനം, വെയിൽ ലഭിക്കുന്ന ദിശയിലേക്ക് തിരിയുന്ന സോളാർ പാനൽ, ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന തെരുവ് വിളക്കുകൾ... തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംവിധാനങ്ങളാണ് ഫ്യൂച്ചറെസ്റ്റിക് വില്ലേജിൽ ഉള്ളത്. മുപ്പതിനായിരം രൂപയാണ് ഭാവിയിലേക്കുള്ള സ്മാർട്ട് വില്ലേജ് തയ്യാറാക്കാനായി ചെലവായത്. കഴിഞ്ഞ വർഷത്തെ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിന് മുഹമ്മദ് ഹുസൈന് സംസ്ഥാന തലത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. ആലത്തൂർ സ്വദേശിയായ സെയ്ദ് മുഹമ്മദിന്റെയും റംലത്തിന്റെയും മകനാണ് മുഹമ്മദ് ഹുസൈൻ. കേരള ബാങ്ക് വടക്കഞ്ചേരി ശാഖാ മാനേജർ തരൂർ മരുതക്കോട് ബാബുരാജിന്റെയും എക്സൈസിൽ ജോലിചെയ്യുന്ന വിജിനിയുടെയും മകനാണ് ടിനുരാജ്.