തുറവൂർ: ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സത്രനിർവഹണസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 22 മുതൽ ജനുവരി രണ്ടുവരെയാണ് ഭാഗവത സത്രം. ഇതിനോടനുബന്ധിച്ച് രഥഘോഷയാത്ര, നാരായണീയ പാരായണ സംഗമം, 16008 ഗോപികമാരുടെ സംഗമം, ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ, സാംസ്‌കാരിക പരിപാടികൾ, ക്ഷേത്ര അനുഷ്ഠാനകലകൾ തുടങ്ങിയവ നടക്കും. 21ന് ഗുരുവായൂരിൽ നിന്ന് വിഗ്രഹം, കോട്ടയം മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ നിന്നും ഭാഗവത ഗ്രന്ഥം,തിരുവല്ല കാവുംഭാഗം ആനന്ദേശ്വരം ക്ഷേത്രത്തിൽ നിന്ന് കൊടിക്കൂറ, തുറവൂർ മഹാക്ഷേത്രത്തിൽ നിന്ന് കൊടിമരം എന്നിവ ഘോഷയാത്രയായി കൊണ്ടുവരും. ഇവയെല്ലാം അന്ന് വൈകിട്ട് കണ്ണുകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തിച്ചേരും. 22ന് രാവിലെ ചമ്മനാട് ദേവീക്ഷേത്രത്തിൽ നാരായണീയ മഹാസംഗമം നടക്കും. അന്ന് വൈകിട്ട് കണ്ണുകുളങ്ങരയിൽ നിന്ന് വിഗ്രഹം, ഗ്രന്ഥം, കൊടിമരം, കൊടിക്കൂറ എന്നിവ ഘോഷയാത്രയായി ചമ്മനാട് ക്ഷേത്രമൈതാനത്ത് എത്തുമ്പോൾ താളമേളങ്ങളുടെ അകമ്പടിയോടെ 16008 ഗോപികമാർ ശ്രീകൃഷ്ണഭഗവാനെ സ്വീകരിച്ച് ക്ഷേത്ര സങ്കേ തത്തിലേക്ക് ആനയിക്കും. തുടർന്ന് സത്രവേദിയിലെ താത്കാലിക ക്ഷേത്രത്തിൽ ശ്രീകൃഷ്ണ വിഗ്രഹപ്രതിഷ്ഠയും കൊടികയറ്റവും നടക്കുന്നതോടെ 12 ദിനം നീളുന്ന മഹാസത്രത്തിന് തുടക്കമാകും. തുടർന്ന് സത്ര സമാരംഭ സഭ. സത്രദിനങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും 4 നേരം ഭക്ഷണമുണ്ടാകും ഒരു കോടി രൂപയിലധികം രൂപ ബഡ്ജറ്റ് പ്രതീക്ഷിക്കുന്ന ഭാഗവത മഹാസത്രത്തിന്റെ വിജയത്തിനായി 25 സബ് കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്. കൂടാതെ ചേർത്തല താലൂക്കിലെ 70ഓളം ക്ഷേത്രങ്ങളിൽ സത്രസഹകരണ സമിതിയും രൂപീകരിച്ചിട്ടുണ്ട്. സത്രത്തിന്റെ ഭാഗമായി ദേശീയപാതയോരത്തെ ക്ഷേത്ര മൈതാനത്ത് 500 വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിരയുമുണ്ടാകും.